'ഇതൊന്ന് അവസാനിപ്പിക്കൂ', പന്ത് ചുരണ്ടലിൽ ഓസീസ് ബൗളർമാരുടെ സംയുക്ത പ്രസ്താവന

മിച്ചൽ സ്റ്റാർക്ക്, കമിൻസ്, ലിയോൺ, ഹെയ്സൽവുഡ് എന്നിവർ ഒരുമിച്ചാണ് പ്രസ്താവന ഇറക്കിയത്
പെയ്‌നും കമിന്‍സും/ഫോട്ടോ: എപി
പെയ്‌നും കമിന്‍സും/ഫോട്ടോ: എപി

സിഡ്നി: 2018ലെ സൗത്ത് ആഫ്രിക്കക്കെതിരെ ന്യൂലാൻഡ്സിൽ നടന്ന ടെസ്റ്റിൽ പന്തിൽ കൃത്രിമം നടത്തുന്നതിനെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായില്ലെന്ന് ഓസ്ട്രേലിയൻ ബൗളർമാർ. ഓസ്ട്രേലിയൻ ബൗളർമാർ ഒരുമിച്ച് പ്രഖ്യാപിച്ച പ്രസ്താവനയിലാണ് നിലപാട് പരാമർശം. മിച്ചൽ സ്റ്റാർക്ക്, കമിൻസ്, ലിയോൺ, ഹെയ്സൽവുഡ് എന്നിവർ ഒരുമിച്ചാണ് പ്രസ്താവന ഇറക്കിയത്. 

​കളിക്കുന്ന സമയം പന്ത് ചുരണ്ടലിനെ കുറിച്ച് ഒരു അറിവും തങ്ങൾക്കുണ്ടായില്ല. ബി​ഗ് സ്ക്രീനിൽ ഇത് കണ്ടപ്പോൾ മാത്രമാണ് തങ്ങൾ അറിയുന്നത്. ഞങ്ങളുടെ സത്യസന്ധതയേയും ആത്മർഥതയേയും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നിർത്തിയതിൽ നിരാശയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. 

ആ സംഭവത്തിലൂടെ വലിയൊരു പാഠമാണ് ഓസ്‌ട്രേലിയൻ ടീം പഠിച്ചത്. ഞങ്ങളുടെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ 2018ലെ സംഭവത്തെ ചൂണ്ടി ചില കളിക്കാരും മാധ്യമങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തുന്നതാണ്. ഒരുപാട് വട്ടം ഇതിനെല്ലാമുള്ള ഉത്തരം നൽകിയതാണ്. വീണ്ടും അതെല്ലാം പറയേണ്ടതായി വരുന്നു. 

പന്തിൽ കൃത്രിമം നടത്താനായി വസ്തു കൊണ്ടുവന്നിരുന്നു എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബി​ഗ് സ്ക്രീനിൽ ഇത് കണ്ടപ്പോഴാണ് അറിയുന്നത്. പന്തിൽ കൃത്രിമം നടത്തിയത് ഫാസ്റ്റ് ബൗളർമാർ എന്ന നിലയിൽ ഞങ്ങൾക്ക് മനസിലാകും എന്നാണ് പലരും ഉന്നയിക്കുന്നത്. ബി​ഗ് സ്ക്രീനിൽ ഇതിന്റെ ദൃശ്യം വന്നതിന് പിന്നാലെ ഫീൽഡ് അമ്പയർമാർ പന്ത് പരിശോധിക്കുകയും പന്തിൽ മാറ്റങ്ങൾ ഇല്ലെന്ന് വിലയിരുത്തി ആ പന്തിൽ കളി തുടരാൻ അനുവദിക്കുകയും ചെയ്തു. 

അന്ന് ന്യൂലാൻഡ്സിൽ സംഭവിച്ചതിന് ഇതൊന്നും ന്യായീകരണമല്ല. ഇനിയൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ് അത്. ഞങ്ങൾ പഠിച്ച പാഠം ഉൾക്കൊണ്ട് കളി തുടരാനാണ് ആ​ഗ്രഹിക്കുന്നത്. ഈ അഭ്യൂഹങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണം എന്ന് അഭ്യർഥിക്കുന്നു, പ്രസ്താവനയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com