'പതിനായിരങ്ങള്‍ മരിച്ചു വീഴുന്നത് കാണേണ്ടി വരും'- ഒളിംപിക്‌സ് നടത്തരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടന

ജപ്പാനില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ജപ്പാനില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടന. നേരത്തെ ഒളിംപിക്‌സ് മത്സരങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയും മത്സരങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ പ്രധാനമന്ത്രി യോഷിതെ സുഗയ്ക്ക് കത്തയച്ചു. മെയ് 14ന് അയച്ച കത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. 

ജപ്പാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും തലസ്ഥാനം കൂടിയായ ടോക്യോയില്‍ ഇപ്പോള്‍ തന്നെ ആശുപത്രികളില്‍ സ്ഥലമില്ലാത്തതിന്റെ കഷ്ടപ്പാടുകളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടോക്യോ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനിലെ ആറായിരത്തോളം അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ജപ്പാന്‍ ഭരണകൂടം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കണമെന്ന് തങ്ങള്‍ കര്‍ശനമായി ആവശ്യപ്പെടുകയാണെന്നും കത്തില്‍ വ്യക്തമാക്കി. 

നിലവില്‍ ടോക്യോയിലെ രോഗ വ്യാപനം നിയന്ത്രണം വിടുന്ന അവസ്ഥയിലാണെന്നും ആരോഗ്യ രംഗത്തിന്റ പരിധിക്ക് പുറത്തേക്ക് കാര്യങ്ങള്‍ കൈവിടുമെന്നും അവര്‍ പറയുന്നു. ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ കിടക്കകള്‍ അടക്കം തികയാത്ത അവസ്ഥയുണ്ട്. ഇത്തരമൊരു സങ്കീര്‍ണ ഘട്ടത്തില്‍ ഒളിംപിക്‌സ് നടത്താന്‍ ശ്രദ്ധ മാറ്റി വച്ചാല്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ പറയുന്നു. ഭരണകൂടം ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കത്തില്‍ പറയുന്നു. 

2020ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഒളിംപിക് മത്സരങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ മാരകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് ലോകത്തെ പല രാജ്യങ്ങളിലും നിലവില്‍. അതിനിടെയിലും മത്സരങ്ങള്‍ നടത്തുമെന്ന് ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുകയാണ് ജപ്പാന്‍ ഭരണകൂടം. ഇതേത്തുടര്‍ന്നായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com