പുരുഷ ടീമിന്റെ കോവിഡ് ടെസ്റ്റ് ബിസിസിഐ നടത്തും, വനിതാ ടീം സ്വന്തം ചെലവിൽ ചെയ്യണം; വിവേചനത്തിനെതിരെ വിമർശനം

പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വീടുകളിൽ എത്തിയാണ് കോവിഡ് പരിശോധന നടത്തുന്നത്
വിരാട് കോഹ് ലി, മന്ദാന/ഫയൽ ചിത്രം
വിരാട് കോഹ് ലി, മന്ദാന/ഫയൽ ചിത്രം

ന്യൂഡൽഹി: ഇം​ഗ്ലണ്ട് പര്യടനത്തിനായി പോകുന്നതിന് മുൻപ് ഇന്ത്യൻ പുരുഷ ടീമിനെ മൂന്ന് കോവിഡ് ടെസ്റ്റുകൾക്കാണ് ബിസിസിഐ വിധേയമാക്കുന്നത്. എന്നാൽ ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള വനിതാ ടീമിനോട് കോവിഡ് ടെസ്റ്റ് സ്വന്തം ചിലവിൽ നടത്താനും ബയോ ബബിളിലേക്ക് എത്തുമ്പോൾ കൊണ്ടുവരാനുമാണ് ബിസിസിഐ നിർദേശിക്കുന്നത്. 

പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വീടുകളിൽ എത്തിയാണ് കോവിഡ് പരിശോധന നടത്തുന്നത്. മെയ് 19നാണ് വനിതാ, പുരുഷ താരങ്ങൾ മുംബൈയിൽ ബയോ ബബിളിലേക്ക് എത്തേണ്ടത്. 48 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനാ ഫലം കളിക്കാരുടെ പക്കലുണ്ടാവണം. മുംബൈയിൽ എത്തുന്നതിന് മുൻപ് തന്നെ ഒരു കോവിഡ് ടെസ്റ്റ് കൂടി പുരുഷ താരങ്ങൾക്കായി ബിസിസിഐ നടത്തും. വനിതാ ക്രിക്കറ്റ് താരങ്ങൾ മുംബൈയിൽ എത്തുന്നതിന് മുൻപായുള്ള കോവിഡ് ടെസ്റ്റ് സ്വയം നടത്തണം എന്നതാണ് വിവാദമായിരിക്കുന്നത്. 

ഒരേ പ‌ര്യടനത്തിന് പോവുന്ന ഇന്ത്യൻ സംഘത്തിലെ രണ്ട് ടീമുകളോട് വ്യത്യസ്ത സമീപനം സ്വീകരിച്ച ബിസിസിഐ നിലപാടിൽ വനിതാ താരങ്ങൾക്ക് അതൃപ്തിയുള്ളതായാണ് സൂചന. കളിക്കാർക്ക് ഒപ്പം വരുന്ന പുരുഷ ടീമിലെ കുടുംബാം​​ഗങ്ങളേയും ബിസിസിഐ കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യൻ വനിതാ ടീം ഇം​ഗ്ലണ്ടിൽ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് ഇന്ത്യൻ പുരുഷ ടീമിന്റെ മുൻപിൽ ആദ്യമുള്ളത്.

സതാംപ്ടണിലേക്കാണ് ഇന്ത്യൻ പുരുഷ ടീം എത്തുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ നേരിട്ടതിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ 5 ടെസ്റ്റുകൾ കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com