'1999ല്‍ അച്ഛനൊപ്പവും 2021ല്‍ മകനൊപ്പവും ഇറ്റാലിയന്‍ കപ്പ്'-  43ാം വയസില്‍ കിരീട നേട്ടവുമായി ഇതിഹാസം ക്ലബിന്റെ പടിയിറങ്ങി

'1999ല്‍ അച്ഛനൊപ്പവും 2021ല്‍ മകനൊപ്പവും ഇറ്റാലിയന്‍ കപ്പ്'-  43ാം വയസില്‍ കിരീട നേട്ടവുമായി ഇതിഹാസം ക്ലബിന്റെ പടിയിറങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിലാന്‍: ലോക ഫുട്‌ബോളില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഇതിഹാസം ജിയാന്‍ലൂയി ബുഫണ്‍. വെറ്ററന്‍ ഇതിഹാസ താരം ഇപ്പോള്‍ കിരീട നേട്ടത്തോടെ യുവന്റസിനായി അവസാന മത്സരം കളിച്ച് ക്ലബിനോട് വിട ചൊല്ലി. സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമോ അതോ മറ്റൊരു ക്ലബിലേക്ക് പോകുമോ എന്നത് സംബന്ധിച്ചൊന്നും 43കാരന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. 

കഴിഞ്ഞ ദിവസം അറ്റ്‌ലാന്റക്കെതിരായ ഇറ്റാലിയന്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനലിലാണ് ബുഫണ്‍ തന്റെ കരിയറിലെ യുവന്റസ് ക്ലബിനായുള്ള അവസാന പോരാട്ടത്തിന് ഇറങ്ങിയത്. ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞ് കളത്തിലിറങ്ങിയ അദ്ദേഹം ടീമിന് ഇറ്റാലിയന്‍ കപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. മത്സരത്തില്‍ യുവന്റസ് 2-1ന് വിജയിച്ചപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കപ്പുയര്‍ത്താനുള്ള നിയോഗവും അദ്ദേഹത്തിനുണ്ടായി. നീണ്ട കരിയറില്‍ യുവന്റസിനൊപ്പം എണ്ണമറ്റ നേട്ടങ്ങളില്‍ പങ്കാളിയായ ബുഫണ്‍ അവസാന പോരാട്ടവും അഭിമാനകരമായ നേട്ടത്തോടെ അവസാനിപ്പിച്ച് സാര്‍ത്ഥകമായാണ് ക്ലബിനോട് വിട ചൊല്ലിയത്. 

മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആലിം​ഗനം ചെയ്യുന്ന ബുഫൺ
മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആലിം​ഗനം ചെയ്യുന്ന ബുഫൺ

മത്സരത്തില്‍ കിരീടം സ്വന്തമാക്കിയതോടെ മറ്റൊരു കൗതുകകരമായ നേട്ടവും ബുഫണിന് ഈ മത്സരത്തില്‍ സ്വന്തമായി. 1999ല്‍ പാര്‍മയ്‌ക്കൊപ്പം കരിയറിലെ ആദ്യ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹ താരമായി എന്റിക്കോ ചീസയുണ്ടായിരുന്നു. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കരിയറിലെ ആറാമത്തേതും യുവന്റസിനൊപ്പമുള്ള അവസാന ഇറ്റാലിയന്‍ കപ്പും ഉയര്‍ത്തുമ്പോള്‍ സഹ താരമായി എന്റിക്കോ ചീസയുടെ മകനും ബുഫണിനൊപ്പം കളിച്ചു. മത്സരത്തില്‍ യുവന്റസിനായി വിജയ ഗോള്‍ നേടിയ ഫെഡെറിക്കോ ചീസയാണ് എന്റിക്കോയുടെ മകന്‍. അച്ഛനും മകനുമൊപ്പം ഇറ്റാലിയന്‍ കപ്പ് ഉയര്‍ത്താനുള്ള അപൂര്‍വ ഭാഗ്യവും ബുഫണിനുണ്ടായി. 

2018ല്‍ 17 വര്‍ഷം നീണ്ട യുവന്റസ് കരിയര്‍ അവസാനിപ്പിച്ച് വെറ്ററന്‍ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നായി കളിക്കാനിറങ്ങി. 2018-19 സീസണില്‍ പിഎസ്ജിക്കായി കളിച്ച ബുഫണ്‍ 2019ല്‍ വീണ്ടും യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി. ഒരു വര്‍ഷ കരാറിലാണ് അദ്ദേഹം യുവന്റസ് കുപ്പായത്തില്‍ മടങ്ങിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com