​'ഗാം​ഗുലിക്ക് അധ്വാനിക്കാൻ ഇഷ്ടമില്ലായിരുന്നു; ക്യാപ്റ്റനായി നിൽക്കുക മാത്രമായിരുന്നു ലക്ഷ്യം'- വിവാദ പരാമർശങ്ങളുമായി വീണ്ടും ചാപ്പൽ

​'ഗാം​ഗുലിക്ക് അധ്വാനിക്കാൻ ഇഷ്ടമില്ലായിരുന്നു; ക്യാപ്റ്റനായി നിൽക്കുക മാത്രമായിരുന്നു ലക്ഷ്യം'- വിവാദ പരാമർശങ്ങളുമായി വീണ്ടും ചാപ്പൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ കാലമായിരുന്നു മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ​ഗ്രെയ്​ഗ് ചാപ്പൽ പരിശീലകനായുള്ള ഘട്ടം. സൗരവ് ​ഗാം​ഗുലി നായകനായിരിക്കുമ്പോഴായിരുന്നു ചാപ്പലിന്റെ ഇന്ത്യൻ കോച്ചായുള്ള വരവ്. ഇരുവരും തമ്മിലുള്ള പടലപ്പിണക്കങ്ങളായിരുന്നു വിവാദത്തിന്റെ കാരണവും. രണ്ട് വർഷത്തിന് ശേഷം ചാപ്പൽ സ്ഥാനമൊഴിയുമ്പോൾ ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം കോച്ചെന്ന ദുഷ്പേരുമായാണ് ചാപ്പൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. 

2005ല്‍ കോച്ചിന്റെ സ്ഥാനത്തെത്തിയ ചാപ്പലിന്റെ പരിശീലനത്തിന് കീഴിൽ 2007ലെ ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. പിന്നാലെ ചാപ്പലിന്റെ തൊപ്പി തെറിക്കുകയും ചെയ്തു. സംഭവങ്ങൾ നടന്നിട്ട് ഇപ്പോൾ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ ​ഗാം​ഗുലിയെക്കുറിച്ച് വിവാദമായ ഒരു പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാപ്പല്‍. 

ഗാംഗുലി കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ലാത്ത ആളായിരുന്നുവെന്നാണ് ചാപ്പൽ അന്നത്തെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ടീമില്‍ ക്യാപ്റ്റനായി തുടരുക എന്നത് മാത്രമായിരുന്നു ​ഗാം​ഗുലിക്ക് താത്പര്യമുണ്ടായിരുന്നതെന്നും ചാപ്പൽ പറയുന്നു. 

'ഇന്ത്യയിലെ ആ രണ്ട് വര്‍ഷം തീര്‍ത്തും വെല്ലുവിളി നിറഞ്ഞതായിരുന്നു. പരിഹാസ്യമായ പ്രതീക്ഷകളുമായിരുന്നു മുന്നിൽ. ഗാംഗുലിയുമായി ബന്ധപ്പെ‌ട്ടായിരുന്നു അന്ന് ടീമിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നത്. സ്വന്തം കളി മെച്ചപ്പെടുത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. ടീമില്‍ ഇങ്ങനെ ക്യാപ്റ്റനായി നില്‍ക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അങ്ങിനെയെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമല്ലോ' - ചാപ്പല്‍ പറഞ്ഞു. 

ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ ആദ്യം സമീപിച്ചത് ഗാംഗുലി തന്നെയാണെന്നും ചാപ്പല്‍ പറഞ്ഞു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പല്‍ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com