'ഗുഡ്‌ബൈ'- ജര്‍മനിയുടെ ലോകകപ്പ് ഹീറോ സമി ഖെദിര വിരമിക്കല്‍ പ്രഖ്യാപിച്ചു

'ഗുഡ്‌ബൈ'- ജര്‍മനിയുടെ ലോകകപ്പ് ഹീറോ സമി ഖെദിര വിരമിക്കല്‍ പ്രഖ്യാപിച്ചു
സമി ഖെദിര/ ട‌്വിറ്റർ
സമി ഖെദിര/ ട‌്വിറ്റർ

ബെര്‍ലിന്‍: 2014ല്‍ ജര്‍മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മധ്യനിര താരം സമി ഖെദിര വിരമിക്കല്‍ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ഹോഫെന്‍ഹെയിമിനെതിരെ ഹെര്‍ത്ത ബെര്‍ലിന് വേണ്ടി കളിച്ച് കളം വിടുമെന്ന് 34കാരനായ താരം പ്രഖ്യാപിച്ചു. 

'ശനിയാഴ്ച നടക്കുന്ന മത്സരത്തിന് ശേഷം വിട പറയുകയാണ്. ഈ പ്രത്യേക നിമിഷങ്ങളെല്ലാം നിങ്ങളുമായി അനുഭവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ വളരെ അഭിമാനിക്കുന്നു! എല്ലാ ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ഒപ്പം എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി'- വിരമിക്കല്‍ പ്രഖ്യാപിച്ച് ഖെദിര ട്വിറ്ററില്‍ കുറിച്ചു. 

ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് സ്റ്റുട്ട്ഗര്‍ടിലൂടെ ക്ലബ് കരിയര്‍ തുടങ്ങിയ താരം 2006-07 സീസണില്‍ ക്ലബിനൊപ്പം ബുണ്ടസ് ലീഗ കിരീടം നേടി. പിന്നീട് റയല്‍ മാഡ്രിഡ് ടീമിലേക്ക് ചേക്കറിയ താരം അവര്‍ക്കൊപ്പം ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് നേട്ടങ്ങളിലും പങ്കാളിയായി. പിന്നീട് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനായി കളിച്ച ഖെദിര അവര്‍ക്കൊപ്പം അഞ്ച് സീരി എ, മൂന്ന് ഇറ്റാലിയന്‍ കപ്പ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങളും സ്വന്തമാക്കി.

ജര്‍മനിക്കായി 77 മത്സരങ്ങളാണ് ഖെദിര കളിച്ചത്. ഏഴ് ഗോളുകളും നേടി. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മനി ടീമിന്റെ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു താരം. 15 വര്‍ഷം നീണ്ട ഉജ്ജ്വലമായൊരു ഫുട്‌ബോള്‍ കരിയറിനാണ് ഖെദിര വിരാമം കുറിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com