'13 കൊല്ലമായില്ലേ, ഇനിയെങ്കിലും മിണ്ടാതിരിക്കു'- പ്രതികരണവുമായി അക്തറിന്റെ 'തല്ല്' കൊണ്ട ആസിഫ് 

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st May 2021 08:43 PM  |  

Last Updated: 21st May 2021 08:43 PM  |   A+A-   |  

Capture

അക്തർ- ആസിഫ്/ ഫെയ്സ്ബുക്ക്

 

ഇസ്‍ലാമബാദ്: വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം. അത്തരമൊരു വിവാദമായിരുന്നു 2007ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഷൊയിബ് അക്തറും അന്ന് സഹ താരമായിരുന്ന മുഹമ്മദ് ആസിഫും തമ്മിലുള്ള തല്ല്. ആസിഫിനെ ബാറ്റു കൊണ്ട് അടിച്ചുവെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. 

ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി ‌‌ടി20 ലോകകപ്പ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. പിന്നാലെ അക്തറിനെ പാക് ടീമിൽ നിന്ന് ഒഴിവാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. അടുത്തിടെ മുൻ പാക് നായകനായ അഫ്രീദി ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. മുഹമ്മദ് ആസിഫ് പറഞ്ഞ തമാശ രസിക്കാതിരുന്ന അക്തർ പ്രകോപിതനാകുകയായിരുന്നെന്നാണ് അഫ്രീദി പറഞ്ഞത്. തന്റെ ആത്മകഥയിൽ സംഭവത്തെക്കുറിച്ചു പരാമർശിച്ച അക്തർ, അഫ്രീദിയാണ് സംഭവം വഷളാക്കിയതെന്ന് ആരോപിച്ചിരുന്നു. 

ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്ന് തല്ല് കൊണ്ട ആസിഫ്. അക്തർ മിണ്ടാതിരിക്കുകയാണു വേണ്ടതെന്നാണ് ആസിഫ് പറയുന്നത്. 13 വർഷമായി പ്രശ്നം സജീവമായി നിർത്തിയ അക്തർ ഇക്കാര്യത്തിൽ പല പ്രതികരണങ്ങളും നടത്തി. അടുത്തിടെ അക്തറിനെ വിളിച്ച് ഈ വിഷയം നിർത്താൻ ആവശ്യപ്പെട്ടതായും ആസിഫ് പറഞ്ഞു. 

'അക്തറിന് സാധിക്കുമ്പോഴെല്ലാം ഈ വിഷയം അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവരും. ഇത്രയും മതി, അതുകൊണ്ടു ഞാൻ അദ്ദേഹത്തെ വിളിച്ച് ഇതു നിർത്താൻ ആവശ്യപ്പെട്ടു. അന്ന് നടന്ന കാര്യങ്ങൾ ഇപ്പോൾ ചരിത്രമായിക്കഴിഞ്ഞു. പാകിസ്ഥാൻ പരിശീലകൻ, സെലക്ടർ, പിസിബി ചെയര്‍മാൻ എന്നീ പദവികളിലേക്ക് എത്തുന്നതു സ്വപ്നം കാണുന്നതു നിർത്തി യുവ ക്രിക്കറ്റർമാരെ സഹായിക്കുന്നതിൽ അക്തർ ശ്രദ്ധിക്കണം'- ആസിഫ് പറഞ്ഞു.  

'ഒരു ദിവസം അദ്ദേഹം മുഖ്യ സെലക്ടർ ആകുന്നതു സ്വപ്നം കാണും. തൊട്ടടുത്ത ദിവസം മുഖ്യ പരിശീലകനും പിസിബി ചെയര്‍മാനും ആകുന്നതായിരിക്കും സ്വപ്നം. 13 വര്‍ഷം മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ചു പറയാതെ അദ്ദേഹം യാഥാർഥ്യത്തിലേക്കു തിരികെ വരണം. യുവ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലേക്കു ശ്രദ്ധതിരിക്കണം'– ആസിഫ് ആവശ്യപ്പെട്ടു.