പ്രതിഫലത്തിൽ ഉടക്കി ലങ്കൻ താരങ്ങൾ; ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയിൽ?

പ്രതിഫലത്തിൽ ഉടക്കി ലങ്കൻ താരങ്ങൾ; ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയിൽ?
ശ്രീലങ്കൻ ടീം/ ഫോട്ടോ: ട്വിറ്റർ
ശ്രീലങ്കൻ ടീം/ ഫോട്ടോ: ട്വിറ്റർ

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ നയങ്ങൾ‌ക്കെതിരെ കടുത്ത നിലപാടെടുത്ത് മുതിർന്ന താരങ്ങൾ. പ്രതിഫല തർക്കത്തെ തു‌ടർന്ന് സീനിയർ താരങ്ങൾ കരാർ ഒപ്പിടാൻ വിസമ്മതിച്ചതായാണ് പുറത്തു വരുന്ന വാർത്തകൾ. പ്രതിഫലം 40 ശതമാനം വരെ വെട്ടിക്കുറച്ച നടപടിക്കെതിരെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്ന, ദിനേഷ് ചാൻഡിമൽ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയ താരങ്ങൾ കരാർ പുതുക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ജൂലൈയിൽ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 

ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക ഏകദിന, ‌ടി20 പരമ്പരകൾ കളിക്കാനാണ് തയ്യാറെടുക്കുന്നത്. അതിനിടെയാണ് പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നത്. ശ്രീലങ്ക ക്രിക്കറ്റിനും നിർണായകമാണ് പരമ്പര. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പ്രതിസന്ധിയിലായ ശ്രീലങ്ക ക്രിക്കറ്റിനെ സഹായിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ പരമ്പരയ്ക്കു തയാറായത്. അതിനിടെയാണ് ഇത്തരമൊരു പ്രശ്നം തല പൊക്കിയത്. 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിൽ താരങ്ങളുടെ പ്രതിഫലം വളരെയധികം വെട്ടിക്കുറച്ചതായി അഭിഭാഷകൻ പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെയാണ് 24 താരങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെൻട്രൽ കോൺട്രാക്ട് വാഗ്ദാനം ചെയ്തത്. ജൂൺ മൂന്നിന് മുൻപ് കരാറിൽ ഒപ്പുവയ്ക്കണമെന്നാണു നിർദേശം. 

ബോർഡിന്റെ തീരുമാനത്തിൽ ഞെട്ടലും നിരാശയുമുണ്ടെന്നു താരങ്ങൾ പ്രതികരിച്ചു. അതേസമയം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ഉപദേശക സമിതി ചെയർമാൻ അരവിന്ദ ഡിസില്‍വ മാധ്യമങ്ങളോടു പറഞ്ഞു. താരങ്ങളുടെ പ്രകടനങ്ങളും വിലയിരുത്തുന്നുണ്ടെന്ന് ഡിസിൽവ അഭിപ്രായപ്പെട്ടു. 

അതേസമയം ബോർ‍ഡിന്റെ നീക്കത്തിൽ ഭൂരിഭാഗം താരങ്ങളും അസ്വസ്ഥരാണ്. താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മാനേജ്മെന്റിനും വീഴ്ചയിൽ തുല്ല്യ പങ്കുണ്ടെന്നാണു താരങ്ങളുടെ വാദം. കഴിഞ്ഞ നാല് വർഷത്തോളമായി ടീമിന്റെ മോശം പ്രകടനത്തിന് കാരണം ക്രിക്കറ്റ് ബോർഡിലെ പ്രശ്നങ്ങളും രാഷ്ട്രീയവുമാണെന്ന് മുതിർന്ന താരങ്ങൾക്കും അഭിപ്രായമുണ്ട്. ഈ മാസം 23ന് ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പരയും ആരംഭിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com