ആദ്യ ഏകദിനത്തിന് മണിക്കൂറുകൾ മാത്രം; ലങ്കൻ ക്യാമ്പിൽ 3 താരങ്ങൾക്ക് കോവിഡ്; ബം​ഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിച്ചേക്കും

ബൗളിങ് കോച്ച് ചാമിന്ദ വാസ്, പേസർ ഇസുറു ഉഡാന, അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഫാസ്റ്റ് ബൗളർ ശിരൻ ഫെർണാണ്ടോ എന്നിവർക്ക് കോവിഡ് പോസിറ്റീവായതായാണ് റിപ്പോർട്ട്
ലങ്കൻ ടീമിന്റെ പരിശീലനം/ഫോട്ടോ: ശ്രീലങ്ക ക്രിക്കറ്റ്, ട്വിറ്റർ
ലങ്കൻ ടീമിന്റെ പരിശീലനം/ഫോട്ടോ: ശ്രീലങ്ക ക്രിക്കറ്റ്, ട്വിറ്റർ


കൊളംബോ: ബം​ഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ന് ഉച്ചയ്ത്ത് 12.30ന് ആരംഭിക്കാനിരിക്കെ ശ്രീലങ്കൻ ക്യാമ്പിലെ മൂന്ന് പേർക്ക് കോവിഡ്. ബൗളിങ് കോച്ച് ചാമിന്ദ വാസ്, പേസർ ഇസുറു ഉഡാന, അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഫാസ്റ്റ് ബൗളർ ശിരൻ ഫെർണാണ്ടോ എന്നിവർക്ക് കോവിഡ് പോസിറ്റീവായതായാണ് റിപ്പോർട്ട്. 

ഇവരുടെ രണ്ടാമത്തെ ആർടിപിസിആർ ഫലത്തിനായി കാത്തിരിക്കുകയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്. 18ന് എടുത്ത സാമ്പിളിലെ ആർടിപിസിആർ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. ശനിയാഴ്ചയാണ് രണ്ടാമത്തെ ആർടിപിസിആർ ടെസ്റ്റിന് വേണ്ടിയുള്ള സാമ്പിൾ സ്വീകരിച്ചത്. 

ഏകദിന പരമ്പര മുഴുവൻ ഉപേക്ഷിക്കാനുള്ള സാധ്യതയാണ് വരുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ചൊവ്വാഴ്ചയാണ് രണ്ടാമത്തെ ഏകദിനം. മൂന്നാമത്തെ ഏകദിനം വെള്ളിയാഴ്ചയും. ഏകദിന സൂപ്പർ ലീ​ഗിന്റെ ഭാ​ഗമാണ് പരമ്പര. സുരക്ഷ കണക്കിലെടുത്ത് ധാക്കയിലെ ഒരു വേദിയിലാണ് മൂന്ന് ഏകദിനങ്ങളും നിശ്ചയിച്ചിരുന്നത്. 

എയ്ഞ്ചലോ മാത്യൂസ് ഉൾപ്പെടെ സിനിയർ താരങ്ങളിൽ പലരേയും ഒഴിവാക്കി പുതിയ മുഖങ്ങൾക്ക് അവസരം നൽകിയാണ് ശ്രീലങ്ക ബം​ഗ്ലാദേശിലേക്ക് എത്തിയത്. ബം​ഗ്ലാദേശ് ആവട്ടെ ഷക്കീബ് അൽ ഹസൻ, മുസ്താഫിസൂർ റഹ്മാൻ എന്നിവരുടെ തിരിച്ചു വരവോടെ ശക്തി കൂട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com