ചാമ്പ്യൻസ് ലീ​ഗിലേക്ക് രണ്ട് ടിക്കറ്റ്; രണ്ടും കൽപ്പിച്ച് ചെൽസി, ലിവർപൂൾ, ലെയ്സ്റ്റർ സിറ്റി ടീമുകൾ ഇന്ന് ഇറങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 01:55 PM  |  

Last Updated: 23rd May 2021 01:55 PM  |   A+A-   |  

liverpool_goalkeeper_goal

വിഡിയോ സ്ക്രീൻഷോട്ട്

 

ലണ്ടൻ: ചാമ്പ്യൻസ് ലീ​ഗിലേക്കുള്ള രണ്ട് ടിക്കറ്റിനായി ചെൽസി, ലെയ്സ്റ്റർ, ലിവർപൂൾ എന്നീ ടീമുകൾ ഇന്ന് പോരിനിറങ്ങും. പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡും നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു. 

പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിയും നാലാം സ്ഥാനത്തുള്ള ലിവർപൂളും അ‍ഞ്ചാമതുള്ള ലെയ്സ്റ്ററും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാ‍ത്രമാണ്. ആസ്റ്റൺ വില്ലക്കെതിരായ ഒരു ജയത്തിലൂടെ ചെൽസിക്ക് ചാമ്പ്യൻസ് ലീ​ഗ് ടിക്കറ്റ് ഉറപ്പിക്കാം. സമനിലയിലേക്കോ തോൽവിയിലേക്കോ ചെൽസി വീണാൽ അവരുടെ സാധ്യതകൾ അടയും. ലിവർപൂളും ലെസ്റ്ററും ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്തും. 

എന്നാൽ പ്രീമിയർ ലീ​ഗിൽ അവസാന നാലിൽ ചെൽസിക്ക് എത്താനായില്ലെങ്കിലും ഈ വർഷത്തെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചാൽ അവർക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീ​ഗ് കളിക്കാം. ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചാൽ ഇന്ന് ലിവർപൂളിന് ചാമ്പ്യൻസ് ലീ​ഗ് പ്രവേശനം ഉറപ്പിക്കാം. 

ലിവർപൂളിനും ലെയ്സ്റ്ററിനും ഒരേ പോയിന്റാണുള്ളത്. എന്നാൽ ലിവർപൂളിന്റേയും ലെയ്സ്റ്ററിന്റേയും ​ഗോൾ വ്യത്യാസം ക്ലോപ്പിനേയും കൂട്ടരേയും തുണയ്ക്കും. ടോട്ടന്നത്തിന് എതിരെയാണ് ലെയ്സ്റ്റർ സിറ്റി ഇറങ്ങുന്നത്.