'റോക്കിങ് സിമോൺ!'- ഒന്നര വർഷത്തെ ഇടവേള; ആരാധകർക്കായി കാത്തു വച്ചത് അപൂർവ വിസ്മയം; ചരിത്രമെഴുതി സിമോൺ ബൈൽസ് (വീഡിയോ)

'റോക്കിങ് സിമോൺ!'- ഒന്നര വർഷത്തെ ഇടവേള; ആരാധകർക്കായി കാത്തു വച്ചത് അപൂർവ വിസ്മയം; ചരിത്രമെഴുതി സിമോൺ ബൈൽസ്
ഫോട്ടോ: ‌ട്വിറ്റർ
ഫോട്ടോ: ‌ട്വിറ്റർ

ന്യൂയോർക്ക്: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ജിംനാസ്റ്റിക്സ് കളത്തിലേക്ക് തിരിച്ചെത്തിയ അമേരിക്കയുടെ സിമോൺ ബൈൽസ് തിരിച്ചുവരവ് ആഘോഷിച്ചത് രാജകീയമായി. യുചെങ്കോ ഡബിൾ പൈക് വോൾട്ട് എന്നറിയപ്പെടുന്ന അത്യന്തം പ്രയാസമേറിയ പ്രകടനം പൂർത്തിയാക്കുന്ന ജിംനാസ്റ്റിക്സ് ചരിത്രത്തിലെ തന്നെ ആദ്യ താരമെന്ന റെക്കോർഡാണ് 24 കാരി തിരിച്ചു വരവ് പോരാട്ടത്തിൽ പുറത്തെടുത്തത്. അമേരിക്കയിലെ ക്ലാസിക് ചാമ്പ്യൻഷിപ്പിലാണ് ഈ വോൾട്ട് പൂർത്തിയാക്കുന്ന ആദ്യ വനിതാ താരമായി ബൈൽ മാറിയത്. 

റിയോ ഒളിമ്പിക്സിൽ നാല് സ്വർണം നേടി ശ്രദ്ധേയയായ ബൈൽസ് ഓൾറൗണ്ട് വിഭാഗം മത്സരത്തിനിടെയാണ് ഏറെ പ്രയാസമുള്ള വോൾട്ട് പൂർത്തിയാക്കിയത്. ഈ വിഭാഗത്തിലെ അവസാനയിനമായ ബാറിൽ നിലതെറ്റിയെങ്കിലും ആകെ 58.4 പോയിന്റുമായി ബൈൽസ് ഒന്നാമതെത്തി. 

1978 മുതൽ 86 വരെ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച നതാലിയ യുചെങ്കോ സാഹസികത നിറഞ്ഞ ഒട്ടേറെയിനങ്ങൾ തന്റെ മത്സര കാലയളവിൽ ജിംനാസ്റ്റിക്സിൽ പരീക്ഷിച്ചിരുന്നു. അതിലൊന്നാണു യുചെങ്കോ വോ‍ൾട്ട്. അതിൽതന്നെ ഏറ്റവും പ്രയാസം നിറഞ്ഞതാണു പിന്നീടു രൂപം കൊണ്ട യുചെങ്കോ ഡബി‍ൾ പൈക് വോൾട്ട്. 

റൺവേയിലൂടെ ഓടിയെത്തി ടേക്ക് ഓഫ് ബോർഡ് ആകും മുൻപേ കൈകൾ നിലത്തൂന്നി ഉയർന്നു പൊങ്ങുന്നു. അന്തരീക്ഷത്തിലൂടെ മടങ്ങിയെത്തി ടേക്ക് ഓഫ് ബോർഡിൽ കാലു തൊട്ട് കരണം മറിഞ്ഞ് മേശയിൽ കൈതൊട്ട് വായുവിലേക്ക്. പലതവണ കരണം മറിഞ്ഞ് തിരികെ മാറ്റിലേക്ക്. അവിടെ നില തെറ്റാതെയുള്ള നിൽപ്. ഇങ്ങനെയാണ് മത്സരത്തിന്റെ രീതി. 

അതേസമയം റെക്കോർഡ് പ്രകടനത്തിന് ശേഷം മത്സരത്തിലെ പോയിന്റ് കണക്കാക്കുന്ന സമ്പ്രാദയത്തെ ബൈൽസ് വിമർശിച്ചു. ഇത്രയും ചെയ്തിട്ടും എനിക്കു  കിട്ടിയത് 6.6 പോയിന്റാണെന്ന് താരം തുറന്നടിച്ചു. ഏറ്റവും പ്രയാസമേറിയ  അഭ്യാസമായിട്ടും 6.8 പോയിന്റ് പോലും തന്നില്ല.  നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും ബൈൽസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com