‘അയാളെ തൂക്കി കൊല്ലണം, മെഡലുകൾ തിരിച്ചെടുക്കണം‘- സുശീൽ കുമാറിനെതിരെ സാ​ഗറിന്റെ മാതാപിതാക്കൾ

‘അയാളെ തൂക്കി കൊല്ലണം, മെഡലുകൾ തിരിച്ചെടുക്കണം‘- സുശീൽ കുമാറിനെതിരെ സാ​ഗറിന്റെ മാതാപിതാക്കൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ജൂനിയർ ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽകുമാറിനെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് സാ​ഗറിന്റെ മാതാപിതാക്കൾ. സുശീൽ നേടിയ ഒളിമ്പിക്സ് മെ‍ഡലുകൾ തിരിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനമുള്ള സുശീൽ അന്വേഷണം അട്ടിമറിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച സാ​ഗറിന്റെ പിതാവ് അശോക്, കേസ് അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടമുണ്ടാകണമെന്നും സുശീലിന്റെ ക്രിമിനലുകളുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 

‘നീതി കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എവിടെയാണ് സുശീൽ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞത്? അതിന് അയാളെ സഹായിച്ചത് ആരൊക്കെയാണ്? അതിലുപരി ഏതൊക്കെ ക്രിമിനൽ സംഘങ്ങളുമായാണ് സുശീലിനു ബന്ധമുള്ളത്? ഇതെല്ലാം അന്വേഷിക്കണം. മറ്റുള്ളവർക്കു കൂടി പാഠമാകുന്നതിന് സുശീൽ കുമാറിനെ തൂക്കിലേറ്റണം എന്നാണ് ഞങ്ങളുടെ ആവശ്യം’- അശോക് പറഞ്ഞു.

‘എന്റെ മകനെ കൊലപ്പെടുത്തിയയാളെ ഒരിക്കലും മെന്ററെന്ന് വിളിക്കാനാകില്ല. സുശീൽ കുമാർ കരിയറിൽ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണം. പൊലീസ് നേരായ വഴിയിൽത്തന്നെ അന്വേഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ, രാഷ്ട്രീയ വൃത്തങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സുശീൽ കുമാർ കേസ് അട്ടിമറിക്കുമോ എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്’ – സാഗറിന്റെ മാതാവ് പറഞ്ഞു.

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായ തർക്കത്തിനിടെ ജൂനിയർ ദേശീയ താരം സാഗർ റാണയെ സുശീലും കൂട്ടുകാരും മർദ്ദിക്കുകയും സാഗർ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തുവെന്നാണ് കേസ്. സുശീലിന്റെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന സാഗറിനെയും സോനുമഹൽ എന്നയാളെയും ഒഴിപ്പിക്കാനുള്ള ശ്രമത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. 

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ സുശീൽകുമാറും കൂട്ടുപ്രതി അജയ് ബക്കർവാലെയും എന്നും സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി. രണ്ടാഴ്ചയോളം ഒളിവിലായിരുന്ന സുശീൽ പതിനാലോളം സിം കാർഡുകൾ ഉപയോഗിച്ചെന്നും ഇവ സംഘടിപ്പിച്ചു കൊടുത്തയാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com