കോവിഡിന് പിന്നാലെ ന്യൂമോണിയ, മിൽഖാ സിങ് ഐസിയുവിൽ

കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്
മിൽഖാ സിങ്/ഫയൽ ചിത്രം
മിൽഖാ സിങ്/ഫയൽ ചിത്രം

മൊഹാലി: ട്രാക്കിലെ ഇന്ത്യൻ ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ആരോ​ഗ്യനില തൃപ്തികരമാണെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു. 

91കാരനായ മിൽഖാ സിങ് കോവിഡ് ബാധിതനായതിന് ശേഷം സ്വന്തം വീട്ടിൽ ഐസൊലേഷനിലാണ് ആദ്യം കഴിഞ്ഞത്. പിന്നാലെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ന്യുമോണിയ ബാധിതനാവുന്നത്. ബുധനാഴ്ച മുതൽ അദ്ദേഹത്തിന് കനത്ത പനിയുണ്ടായിരുന്നു. 

വീട്ടുജോലിക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മിൽഖാ സിങ് ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങൾ കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹം വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യ കോവിഡ് തരം​ഗം അലയടിച്ചപ്പോൾ മിൽഖാ സിങ് 2 ലക്ഷം രൂപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. 

ഒളിംപിക്സ് മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ട്രാക്കിൽ ഇന്ത്യക്ക് ആവേശമുണർത്തുന്ന നിരവധി മുഹുർത്തങ്ങൾ പറക്കും സിഖ് എന്നറിയപ്പെടുന്ന താരത്തിൽ നിന്ന് വന്നിട്ടുണ്ട്. 1960ലെ ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ ഫൈനലിലെത്തിയതോടെ ഒളിംപിക്സ് ഇവന്റിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം. എന്നാൽ ഫൈനലിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. എന്നാൽ അവിടെ അദ്ദേഹം ചേർത്ത നാഷണൽ റെക്കോർഡ് 40 വർഷത്തോളം ഇളകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com