യുഎഇ ഐപിഎൽ വേദിയായേക്കും; അന്തിമ തീരുമാനം ശനിയാഴ്ച അറിയാം 

ശനിയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം

ന്യൂഡൽഹി: ഐപിഎൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് സൂചന. ശനിയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. 

സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ നടത്തിയേക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീമിന്റെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മാറ്റം വരുത്താതെ തന്നെ ഇത് സാധിക്കും. ശനി, ഞായർ എന്നിവയ്ക്ക് പുറമേ മറ്റ് ദിവസങ്ങളിലും രണ്ട് വീതം മത്സരങ്ങൾ നടത്തേണ്ടി വരും. 

ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഫ്രാഞ്ചൈസികൾക്കും ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. 29ാം തിയതിക്ക് ശേഷം അറിയാം എന്നാണ് ഫ്രാഞ്ചൈസികളോടും പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഇന്ത്യൻ പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലായി 30 ദിവസത്തെ വിൻഡോയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. 

31 മത്സരങ്ങളാണ് ഇനി ഐപിഎല്ലിൽ കളിക്കാനുള്ളത്. ടി20 ലോകകപ്പ് വേദിയും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്തെ ഡൊമസ്റ്റിക് സീസൺ മത്സരങ്ങൾ പുനരാരംഭിക്കുന്ന കാര്യവും മെയ് 29ന് ചർച്ച ചെയ്യും. ഇതിനായി വിർച്വൽ കോൺഫറൻസിൽ പങ്കെടുക്കാൻ സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകളോട് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിർദേശിച്ചിട്ടുണ്ട്. 

2020-21ലെ ഇന്ത്യയുടെ ഡൊമസ്റ്റിക് സീസണിൽ സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകളാണ് നടത്തിയത്. രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഡൊമസ്റ്റിക് സീസൺ ആരംഭിക്കാൻ വൈകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com