10-11, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കിരീട വരൾച്ച തുടരുന്നു, യൂറോപ്പ‌ ലീ​ഗിന് പുതിയ ചാമ്പ്യൻ

പ്രീമിയർ ലീ​ഗിൽ റണ്ണേഴ്സ് അപ്പായ മാഞ്ചസ്റ്റർ യുനൈറ്റഡിന് യൂറോപ്പ ലീ​ഗിലും റണ്ണേഴ്സ് അപ്പ് എന്ന ടാ​ഗിൽ ഒതുങ്ങേണ്ടി വന്നു
വില്ലാറയൽ ടീം/ഫോട്ടോ: ട്വിറ്റർ
വില്ലാറയൽ ടീം/ഫോട്ടോ: ട്വിറ്റർ

​​ഗ്ദൻസ്ക്: വിയ്യാ റയൽ യൂറോപ്പ ചാമ്പ്യന്മാർ. മാഞ്ചസ്റ്റർ യുനൈറ്റഡ് ​ഗോൾകീപ്പർക്ക് പിഴച്ചപ്പോൾ കിരീടമില്ലാതെ മറ്റൊരു സീസൺ കൂടി അവസാനിപ്പിച്ച് മാഞ്ചസ്റ്റ‌ർ യുനൈറ്റഡ്. പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് വില്ലാറയൽ കിരീടം ഉയർത്തിയത്. 

പ്രീമിയർ ലീ​ഗിൽ റണ്ണേഴ്സ് അപ്പായ മാഞ്ചസ്റ്റർ യുനൈറ്റഡിന് യൂറോപ്പ ലീ​ഗിലും റണ്ണേഴ്സ് അപ്പ് എന്ന ടാ​ഗിൽ ഒതുങ്ങേണ്ടി വന്നു. മുൻ ആഴ്സണൽ കോച്ച് ഉനെ എംറിക്ക് കീഴിലാണ് വിയ്യാ റയൽ തങ്ങളുടെ ആദ്യത്തെ പ്രധാനപ്പെട്ട കിരീടത്തിൽ മുത്തമിട്ടത്. എംറിയുടെ നാലാം യൂറോപ്പ കിരീടമാണ് ഇത്. ഏറ്റവും കൂടുതൽ യൂറോപ്പ കിരീടം നേടുന്ന പരിശീലകൻ എന്ന റെക്കോർഡും എംറി ഇവിടെ തന്റെ പേരിലെഴുതി.

1-1ന് ഇരു ടീമും സമനില പിടിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളിയെത്തിയത്. 29ാം മിനിറ്റിൽ തന്നെ വിയ്യാറയൽ മുൻപിലെത്തി. ലാ ലീ​ഗയിലെ ​ഗോൾ വേട്ടക്കാരിൽ രണ്ടാമനായ ജെറാർഡ് മൊറേനോയാണ് ​ഗോൾ വല കുലുക്കിയത്. ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയത് മാഞ്ചസ്റ്ററാണെങ്കിലും ​ഗോൾ വല കുലുക്കാൻ പാകത്തിലെത്തിയില്ല. വിയ്യാറയലിന്റെ പ്രതിരോധ നിരയിലെ റൗൾ അൽബിയോൾ, ടോറസ് സഖ്യമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് കല്ലുകടിയായത്. 

കവാനിയിലൂടെ രണ്ടാം പകുതിയിൽ ​ഗോൾ മടക്കി മാഞ്ചസ്റ്റർ സമനില പിടിച്ചു. വിയ്യാറയൽ താരങ്ങളുടെ ക്ലിയറൻസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത് 55ാം മിനിറ്റിലാണ് കവാനി ​ഗോൾ വല കുലുക്കിയത്. എന്നാൽ ഇരു ടീമും പൊരുതിയിട്ടും നിശ്ചിത സമയത്തും അധിക സമയത്തും വിജയ ​ഗോൾ പിറന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാന കിക്ക് എടുത്ത മാഞ്ചസ്റ്റർ യുനൈറ്റഡ് ​ഗോൾ കീപ്പർക്ക് ലക്ഷ്യം കാണാനാവാതെ വന്നതോടെ മാഞ്ചസ്റ്ററുടെ കിരീട വളർച്ച തുടരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com