'അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കും'- ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജോഫ്ര ആര്‍ച്ചര്‍

'അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കും'- ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജോഫ്ര ആര്‍ച്ചര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: സമീപ കാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയ താരങ്ങളില്‍ ശ്രദ്ധേയനാണ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലീഷ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും അംഗത്വമുള്ള താരം പന്ത് കൊണ്ടും അവശ്യ ഘട്ടത്തില്‍ ബാറ്റ് കൊണ്ടും തിളങ്ങാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരന്തരം അലട്ടുന്ന പരിക്കുകള്‍ താരത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഐപിഎല്ലിനായി ഇന്ത്യയിലെത്തി പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി ചികിത്സയും വിശ്രമവും കഴിഞ്ഞ് വീണ്ടും കൗണ്ടിയില്‍ കളിച്ച് തിരിച്ചു വരാന്‍ ശ്രമിക്കുമ്പോഴാണ് താരത്തിന്റെ കൈമുട്ടിന് വീണ്ടും പരിക്കേറ്റത്. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. 

പരിക്കുകള്‍ നിരന്തരം അലട്ടിയതോടെ പല നിര്‍ണായക പോരാട്ടങ്ങളും ആര്‍ച്ചറിന് നഷ്ടമായിരുന്നു. നിലവിലെ പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ച്ചര്‍. 

ഇപ്പോള്‍ കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയമായില്ലെങ്കില്‍ ക്രിക്കറ്റ് കളത്തിലേക്ക് ഇനി മടങ്ങി വരില്ലെന്ന് താരം വ്യക്തമാക്കി. 'ഒരു വര്‍ഷത്തിലെ ഏതാനും ആഴ്ചകള്‍ നഷ്ടപ്പെടുന്നതല്ല ഞാന്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നെ സംബന്ധിച്ച് കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ മുന്നിലുണ്ട്. അക്കാര്യമാണ് എന്റെ പരിഗണനയില്‍ ഉള്ളത്. കൈമുട്ടിനേറ്റ പരിക്കിന് ശാശ്വതമായ ഒരു പരിഹാരമാണ് ഞാന്‍ തേടുന്നത്. ഇപ്പോള്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയമായില്ല എങ്കില്‍ ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കും. അതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ കളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത്'. 

ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ആര്‍ച്ചര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജന്മം കൊണ്ട് ബാര്‍ബഡോസുകാരനായ ആര്‍ച്ചറെ 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയതോടെയാണ് താരം ശ്രദ്ധേയനാകുന്നത്. ബ്രിട്ടീഷ് പൗരത്വം നല്‍കാന്‍ ചട്ടങ്ങളില്‍ ഇളവു ചെയ്താണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പ് നേട്ടത്തില്‍ താരം ടീമിനായി നിര്‍ണായക പങ്കും വഹിച്ച് തന്റെ മൂല്യം വെളിപ്പെടുത്തുകയും ചെയ്തു. പിന്നാലെ 2019ലെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റിലും താരം അരങ്ങേറി. പിന്നീട് ഇംഗ്ലണ്ടിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിച്ചുകൂടാനാകാത്ത താരമായി ആര്‍ച്ചര്‍ മാറിയിരുന്നു. കരിയറില്‍ മികവില്‍ നില്‍ക്കുമ്പോഴാണ് താരത്തെ പരിക്കെ വിടാതെ പിടികൂടിയത്. 

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്, ആഷസ് പരമ്പരകളാണ് ആര്‍ച്ചര്‍ കാത്തിരിക്കുന്നത്. ഒപ്പം ഐപിഎല്ലിന്റെ രണ്ടാം ഘട്ടം പോരാട്ടം നടക്കുകയാണെങ്കില്‍ രാജസ്ഥാനായി കളിക്കാനിറങ്ങാം എന്നും താരം കണക്കുകൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com