'കുറച്ചു ദിവസം എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; എന്തൊരു ടെന്‍ഷന്‍ ആയിരുന്നു'- കുടുംബം കോവിഡ് അതിജീവിച്ചതിനെക്കുറിച്ച് അശ്വിന്‍

'8-9 ദിവസം എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഞാന്‍ വലിയ സമ്മര്‍ദ്ദം അനുഭവിച്ചു'- കുടുംബം കോവിഡ് അതിജീവിച്ചതിനെക്കുറിച്ച് അശ്വിന്‍
അശ്വിൻ / ട്വിറ്റർ
അശ്വിൻ / ട്വിറ്റർ

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന ഐപിഎല്ലില്‍ നിന്ന് തുടക്കത്തില്‍ ചില മത്സരങ്ങള്‍ കളിച്ച ശേഷം പിന്‍മാറിയ താരമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കുടുംബത്തിലുള്ളവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ആ ദിവസങ്ങളില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. 

കുടുംബത്തിലെ മിക്ക അംഗങ്ങള്‍ക്കും ആ ദിവസം രോഗം പിടികൂടിയെന്നും അത് ആലോചിച്ച് തന്റെ ഉറക്കം പോലും നഷ്ടമായെന്നും അശ്വിന്‍ പറയുന്നു. പലപ്പോഴും മതിയായി ഉറക്കം ലഭിക്കാതെയാണ് കളിക്കാനിറങ്ങിയതെന്നും സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് താന്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം ചേരാന്‍ മടങ്ങിയതെന്നും അശ്വിന്‍ വ്യക്തമാക്കി. 

'ഏതാണ്ട് എട്ട്- ഒന്‍പത് ദിവസം എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അതോടെ ഞാന്‍ വലിയ സമ്മര്‍ദ്ദനം അനുഭവിച്ചു. പലപ്പോഴും മതിയായി ഉറങ്ങാതെയാണ് ഞാന്‍ മത്സരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയത്. അത് താങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഞാന്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയത്. തിരിച്ച് വീട്ടിലേക്ക് മടങ്ങിയ ഘട്ടത്തില്‍ എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന ബോധ്യമാണ് ഉള്ളത്'- അശ്വിന്‍ പറഞ്ഞു. തന്റെ യൂ ട്യൂബ് ചാനലിലാണ് താരം അനുഭവങ്ങള്‍ പങ്കിട്ടത്. 

അശ്വിന്‍ നിലവില്‍ മുബൈയില്‍ ബയോ ബബിളിലാണ് ഉള്ളത്. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് അശ്വിന്‍. ബയോ ബബിള്‍ അനുഭവങ്ങളും താരം പങ്കിട്ടു. 

വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ബയോ ബബിളില്‍ താമസിക്കുന്നത് എന്ന് അശ്വിന്‍ പറയുന്നു. നിലവില്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ് താരങ്ങളെല്ലാം. ഇന്ത്യയില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെടുമെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് ദിവസം കൂടുമ്പോള്‍ താരങ്ങളെല്ലാം കോവിഡ് ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബയോ ബബിള്‍ ലംഘനം എന്നത് പുറത്ത് നിന്ന് ആരെങ്കിലും അതിനുള്ളില്‍ പ്രവേശിക്കുന്നതിനെ പറയുന്നതല്ലെന്നും വൈറസ് വ്യാപനത്തെ സംബന്ധിച്ചാണ് അത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മിക്ക ഇന്ത്യന്‍ താരങ്ങളും വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചാണ് ബയോ ബബിളില്‍ ഇപ്പോള്‍ ഇരിക്കുന്നതെന്നും താന്‍ കോവാക്‌സിന്‍ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിയെന്നും അശ്വിന്‍ പറഞ്ഞു. 

മുംബൈയിലെ ബയോ ബബിളില്‍ പ്രവേശിച്ച ഘട്ടത്തില്‍ ഓരോ ദിവസം കഴിയുന്തോറും കോവിഡ് കൂടുതല്‍ വഷളാകുകയായിരുന്നു. ഏഴ് ദിവസത്തെ ക്വാറന്റൈന്‍, ഏഴ് ദിവസത്തിനുള്ളില്‍ മൂന്ന് ടെസ്റ്റുകള്‍, അതിനു ശേഷമാണ് പരിശീലനത്തിനിറങ്ങിയത്. ഇതെല്ലാം ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളാണ്. എന്നാല്‍ പുറത്ത് ആളുകള്‍ കടുന്നുപോകുന്ന അവസ്ഥയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് ഒന്നുമല്ല എന്ന് മനസിലാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com