ചെൽസി യൂറോപ്പിലെ രാജാവ്, ​ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്ക് മുകളിൽ വിജയക്കൊടി പാറിച്ച് ട്യൂഷൽ

ആദ്യ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന പ്രീമിയർ ലീ​ഗ് വമ്പന്മാരുടെ സ്വപ്നം ചെൽസിയുടെ അച്ചടക്കത്തോടെയുള്ള കളിക്ക് മുൻപിൽ തകർന്നടിഞ്ഞു
ചാമ്പ്യൻസ് ലീ​ഗ് കിരീടം ഉയർത്തി ചെൽസി ടീം/ഫോട്ടോ: ട്വിറ്റർ
ചാമ്പ്യൻസ് ലീ​ഗ് കിരീടം ഉയർത്തി ചെൽസി ടീം/ഫോട്ടോ: ട്വിറ്റർ

പോർട്ടോ: ചെൽസി യൂറോപ്പിലെ രാജവ്. പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരായി എത്തിയ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ​ഗോളിന് തകർത്ത് ചെൽസി തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിൽ മുത്തമിട്ടു. ചെൽസിയുടെ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി എത്തിയ കായ് ഹാവെർഡ്സിൽ നിന്നായിരുന്നു വിജയ ​ഗോൾ. 

എഫ്എ കപ്പ് ഫൈനലിൽ ലെയ്സ്റ്റർ സിറ്റിക്ക് മുൻപിൽ അടിതെറ്റി വീണ ചെൽസിയെ ചാമ്പ്യൻസ് ലീ​ഗ് മധുരത്തിലേക്കാണ് ട്യൂഷൽ എത്തിച്ചത്. പിഎസ്ജിക്കൊപ്പം നിന്ന് കഴിഞ്ഞ തവണ കയ്യകലത്തിൽ നിന്ന് അകന്നത് ഇത്തവണ എത്തിപ്പിടിക്കാനും ട്യൂഷലിനായി. ആദ്യ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന പ്രീമിയർ ലീ​ഗ് വമ്പന്മാരുടെ സ്വപ്നം ചെൽസിയുടെ അച്ചടക്കത്തോടെയുള്ള കളിക്ക് മുൻപിൽ തകർന്നടിഞ്ഞു.

ഫൈനൽ ആരംഭിക്കുന്നതിന് മുൻപ് ​ഗ്വാർഡിയോളയുടെ സംഘത്തിനായിരുന്നു കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ ചെൽസിയെത്തിയത് മുന്നേറ്റവും പ്രതിരോധവും കടുപ്പിച്ച്. സിറ്റിയേക്കാൾ ​ഗോൾ മുഖത്ത് കൂടുതൽ സാധ്യതകൾ സൃഷ്ടിച്ചതും പ്രതിരോധത്തിൽ മികച്ച് നിന്നതും ചെൽസിയാണ്. 

കളി അവസാനിച്ചപ്പോൾ പന്തടക്കത്തിലും പാസുകളിലും മുൻപിൽ നിന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്. പക്ഷേ സമനില പിടിക്കാനുള്ള ​ഗോൾ കണ്ടെത്താൻ ​ഗാർഡിയോളയുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞില്ല. ട്യൂഷൽ കാര്യങ്ങളെ ലളിതമായി കണ്ടപ്പോൾ ​ഗാർഡിയോളയുടെ ചിന്തകൾ സങ്കീർണമായിരുന്നു. ഫൈനലിൽ പരീക്ഷണത്തിന് ഇറങ്ങിയ ​ഗ്വാർഡിയോളയുടെ സമീപനമാണ് സിറ്റിക്ക് തിരിച്ചടിയായത്. 

മധ്യനിരയിൽ മാറ്റങ്ങൾ വരുത്തിയാണ് ​ഗ്വാർഡിയോള ഇറങ്ങിയത്. ആക്രമണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതായിരുന്നു ​ഗാർഡിയോളയുടെ ലക്ഷ്യം. എന്നാൽ ചെൽസിയുടെ പ്രതിരോധനിര കോട്ട കാത്തപ്പോൾ സിറ്റിയുടെ മുന്നേറ്റനിര തകർന്നു. ഡിബ്രൂയിൻ പരിക്കേറ്റ് പുറത്ത് പോവുക കൂടി ചെയ്തതും സമ്മർദം കൂട്ടി. റോഡ്രി, ഫെർണാണ്ടീഞ്ഞോ എന്നിവരെ പുറത്തിരുത്തിയ ​ഗ്വാർഡിയോളയുടെ നീക്കവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com