'നെറ്റി ചുളിച്ചവർക്ക് ഇതാ മെൻ‍ഡിയുടെ മറുപടി'- ചാമ്പ്യൻസ് ലീ​ഗ് കിരീടം, ഒൻപത് ക്ലീൻ ഷീറ്റുകൾ

'നെറ്റി ചുളിച്ചവർക്ക് ഇതാ മെൻ‍ഡിയുടെ മറുപടി'- ചാമ്പ്യൻസ് ലീ​ഗ് കിരീടം, ഒൻപത് ക്ലീൻ ഷീറ്റുകൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി ചെൽസി യുവേഫ ചാമ്പ്യൻസ് ലീ​ഗ് കിരീടം സ്വന്തമാക്കിയപ്പോൾ അവർ കടപ്പെട്ടിരിക്കുന്ന താരങ്ങളിൽ ഒരാൾ അവരുടെ ​ഗോൾ കീപ്പറായ എഡ്വേർ‍ഡ് മെൻഡിയോടും കൂടിയാണ്. കാരണം കോട്ട കാത്ത് ടീമിനെ ഫൈനലിൽ എത്തിക്കുകയും പ്രതിരോധത്തിന് പിഴച്ചപ്പോഴെല്ലാം രക്ഷകനായി മഹാമേരുവായി ​​ഗോൾ വല കാത്തതും ഈ 29കാരൻ സെന​ഗൽ താരമായിരുന്നു. 

ചെൽസിയിലേക്കുള്ള തന്റെ വരവിൽ നെറ്റി ചുളിച്ചവർക്ക് ഉജ്ജ്വലമായ മറുപടിയാണ് താരം കിരീട നേട്ടത്തിലൂടെ നൽകിയിരിക്കുന്നത്. മാത്രമല്ല ഒരുപിടി മികച്ച റെക്കോർ‍ഡുകളും നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. 

കയ് ഹവെർസിന്റെ ബൂട്ടിൽ നിന്നു 43ാം മിനിറ്റിൽ പിറന്ന ഒറ്റ ​ഗോളിനാണ് ചെൽസി വിജയവും തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീ​ഗ് കിരീടവും സ്വന്തമാക്കിയത്. പെപ് ​ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ കളിക്കാനിറങ്ങിയ സിറ്റിയുടെ കടുത്ത ആക്രമണത്തെ ഒരു ഘട്ടത്തിൽ പോലും പിഴയ്ക്കാതെ തടുക്കാൻ പ്രതിരോധ നിരയ്ക്കൊപ്പം മെൻ‍ഡിയും കരുത്തോടെ നിലകൊണ്ടു. 

റിയാദ് മഹ്‌രസും കെവിൻ ഡിബ്രുയ്നെയും റഹീം സ്റ്റെർലിങ്ങും സെർജിയോ അ​ഗ്യുറോ ഇൽകെ ​ഗുണ്ടോ​ഗനുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ചെൽസി പ്രതിരോധം ഭേദിക്കാനായില്ല. പ്രതിരോധം പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം മെൻഡിയിൽ തട്ടി ശ്രമങ്ങളെല്ലാം അവസാനിക്കുന്ന കാഴ്ചയായിരുന്നു പോർട്ടോയുടെ മൈതാനത്ത് കണ്ടത്. 

കിരീടനേട്ടത്തിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയാണ് മെൻഡി പോർട്ടോയിലെ എസ്റ്റുഡിയോ ഡോ ഡ്രാഗാവോയിൽ നിന്ന് മടങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ഒൻപത് ക്ലീൻ ഷീറ്റുകളാണ് ഈ ഗോൾ കീപ്പർ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ സീസണിൽ ഒരു ഗോൾ കീപ്പറുടെ എറ്റവും മികച്ച പ്രകടനമെന്ന നേട്ടവും മെൻഡി സ്വന്തമാക്കി.

ഈ സീസണിൽ 12 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് മെൻഡി വഴങ്ങിയിരിക്കുന്നത്. മെൻഡിയെ കൂടാതെ രണ്ട് പേർക്ക് മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ ഒൻപത് ക്ലീൻ ഷീറ്റുകളുള്ളത്. 2000-01 സീസണിൽ വലൻസിയക്കായി ഗോൾ വല കാത്ത സാന്റിയാഗോ കാനിസാറസും 2015-16 സീസണിൽ റയലിനായി കളിച്ച കെയ്‌ലർ നവാസും. ഇവയൊന്നും പക്ഷേ ഈ താരങ്ങളുടെ അരങ്ങേറ്റ സീസണിലായിരുന്നില്ല. 

അതോടൊപ്പം മറ്റൊരു മികച്ച നേട്ടവും മെൻഡി നേടി. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പർ എന്ന ബഹുമതി ഇനി എഡ്വേർഡ് മെൻഡിക്ക് സ്വന്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com