ന്യൂസിലൻഡ് താരത്തിന്റെ ബൗളിങ് തന്ത്രം 'ചോർത്താൻ' കോഹ്‌ലിയുടെ ശ്രമം! 'കെണിയിൽ' വീഴാതെ ജാമിസൺ

ന്യൂസിലൻഡ് താരത്തിന്റെ ബൗളിങ് തന്ത്രം 'ചോർത്താൻ' കോഹ്‌ലിയുടെ ശ്രമം! 'കെണിയിൽ' വീഴാതെ ജാമിസൺ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഐപിഎൽ 14ാം സീസണിനിടെ ബൗളിങ് തന്ത്രങ്ങൾ ചോർത്താനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ശ്രമം പൊളിച്ച സഹ താരത്തെ അഭിനന്ദിച്ച് ന്യൂസിലൻഡ് പേസർ ടിം സൗത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനിരിക്കെയാണ്  കോഹ്‌ലി ബൗളിങ് തന്ത്രം ചോർത്താൻ ശ്രമിച്ച കാര്യം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സിൽ സഹ താരമായിരുന്ന ന്യൂസിലൻഡിന്റെ പുതിയ ബൗളിങ് സെൻസേഷൻ കെയ്ൽ ജാമിസണിൽ നിന്നായിരുന്നു കോഹ്‌ലി തന്ത്രം ചോർത്താനുള്ള ശ്രമം നടത്തിയത്. ആർസിബിയിലെ ഇരുവരുടേയും സഹ താരമായ ഓസീസിന്റെ ഡാനിയൽ ക്രിസ്റ്റ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎൽ ക്യാമ്പിനിടെയായിരുന്നു സംഭവമെന്ന് ഡാനിയൽ ക്രിസ്റ്റ്യൻ പറയുന്നു. കെയ്ൽ ജാമിസന്റെ ബൗളിങ് തന്ത്രങ്ങൾ മനസിലാക്കാൻ നെറ്റ് സെഷനിടെ ഡ്യൂക്ക് ബോളിൽ പരിശീലിക്കുന്നതിന് ജാമിസനെ കോഹ്‌ലി ക്ഷണിച്ചെങ്കിലും അപകടം മണത്ത ന്യൂസിലൻഡ് താരം തന്ത്രപരമായി ഒഴിഞ്ഞുമാറിയതായി ഡാനിയൽ ക്രിസ്റ്റ്യൻ പറയുന്നു. 

ഒരിക്കൽ പരിശീലനത്തിനിടെ താനും കോഹ്‌ലിയും ജാമിസനും ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഇരിക്കു​കയായിരുന്നു. കോഹ്‌ലിയും ജാമിസനും ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. അതിനിടെയാണ് കോഹ്‌ലി ഡ്യൂക്ക് പന്തുകളെക്കുറിച്ച് ജാമിസണിനോട് ചോദിച്ചതെന്ന് ക്രിസ്റ്റ്യൻ വ്യക്തമാക്കി. 

താങ്കൾ ഡ്യൂക് ബോൾ ഉപയോഗിച്ച് കാര്യമായി പരിശീലിച്ചിട്ടുണ്ടോ? എന്നായിരുന്നു കോഹ്‌ലിയുടെ ചോദ്യം. ഇതിന് ജാമിസൺ ഉത്തരം നൽകിയത് തന്റെ കൈവശം 2–3 ഡ്യൂക് ബോളുകളുണ്ടെന്നും അതുവച്ച് ഇടയ്ക്ക് തീർച്ചയായും പരിശീലിക്കാറുണ്ട് എന്നായിരുന്നു. 

ഇതിന് പിന്നാലെയാണ് ഡ്യൂക്ക് ബോൾ ഉപയോ​ഗിച്ച് തനിക്കെതിരെ പന്തെറിഞ്ഞോളാൻ കോഹ്‌ലി ജാമിസണിനോട് പറഞ്ഞു. എന്നാൽ താങ്കൾക്കെതിരെ പന്തെറിയാൻ ഇല്ലെന്ന് ജാമിസൺ തീർത്തു പറയുകയായിരുന്നു. സത്യത്തിൽ ഡ്യൂക്ക് ബോളിൽ ജാമിസണിന്റെ ശൈലി മനസിലാക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. പന്ത് റിലീസ് ചെയ്യുന്നത് ഉൾപ്പെടെ പരിശീലനത്തിന്റെ പേരിൽ പഠിച്ചെടുക്കാമെന്ന് കോഹ്‌ലി വിചാരിച്ചിരിക്കണം- ക്രിസ്റ്റ്യൻ സംഭവത്തെക്കുറിച്ച് വിവരിച്ചു. 

ഡാനിയൽ ക്രിസ്റ്റ്യൻ വെളിപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് സൗത്തി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ആ കഥ സത്യമാണെന്ന് എനിക്കുറപ്പാണ്. സത്യത്തിൽ എല്ലാ ബാറ്റ്സ്മാൻമാർക്കുമുള്ള ഉത്തരം ഇതാണ് – അവർക്കായി എന്തിനാണ് നമ്മുടെ തന്ത്രങ്ങൾ വെളിപ്പെടുത്തുന്നത്? ജാമിസണിനെ കെണിയിൽ വീഴ്ത്താനാകുമോയെന്ന കോഹ്‌ലിയുടെ തന്ത്രം കൊള്ളാം. അതിൽ ജാമിസൻ വീഴാതിരുന്നതും മനസിലാക്കാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് എന്താണെന്ന് ജാമിസൻ  വെളിപ്പെടുത്താതിരുന്നതാണ്’ – സൗത്തി ചൂണ്ടിക്കാട്ടി.

ജാമിസനോട് ഡ്യൂക് ബോൾ ഉപയോഗിച്ച് എറിയാൻ ആവശ്യപ്പെടുമ്പോൾ, ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു കോഹ്‌ലിയുടെ മനസിൽ. ഇന്ത്യ- ന്യൂസിലൻഡ് കലാശപ്പോരാട്ടത്തിൽ ഉപയോഗിക്കുന്നത് ഡ‍്യൂക്ക് ബോളാണ്. ഇക്കാര്യം അറിയാവുന്ന കോഹ്‌ലി ഡ്യൂക് ബോളിൽ ന്യൂസിലൻഡ് പേസ് ആക്രമണത്തിലെ പുത്തൻ ആയുധമായ ജാമിസന്റെ ബൗളിങ് തന്ത്രങ്ങൾ മനസിലാക്കുന്നതിനാണ്അത്തരമൊരു ശ്രമം നടത്തിയത്. എന്നാൽ ഇതു മനസിലാക്കിയ ജാമിസൻ പന്തെറിയാൻ വിസമ്മതിച്ചതോടെ കോഹ്‌ലിയുടെ തന്ത്രം പൊളിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com