ഒരു സംഘം കോഹ്‌ലിക്ക് ഒപ്പം, മറ്റുള്ളവര്‍ കോഹ്‌ലിക്ക് എതിരെ; ഇന്ത്യന്‍ ടീമില്‍ വിഭാഗിയത എന്ന് അക്തര്‍

ടീമിനുള്ളിലെ ഒരു വിഭാഗം കോഹ് ലിക്കൊപ്പവും മറ്റുള്ളവര്‍ മറ്റൊരു ഗ്രൂപ്പ് ആവുന്നതായുമാണ് അക്തര്‍ ആരോപിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഇന്ത്യന്‍ ടീമിനുള്ളില്‍ വിഭാഗിയത എന്ന് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍. ടീമിനുള്ളിലെ ഒരു വിഭാഗം കോഹ് ലിക്കൊപ്പവും മറ്റുള്ളവര്‍ മറ്റൊരു ഗ്രൂപ്പ് ആവുന്നതായുമാണ് അക്തര്‍ ആരോപിക്കുന്നത്. 

ഇന്ത്യന്‍ ടീമിനുള്ളില്‍ രണ്ട് ടീമിനെ എനിക്ക് കാണാനാവുന്നത് എന്തുകൊണ്ടാണ്. ഒരു കൂട്ടര്‍ കോഹ് ലിക്കൊപ്പവും മറ്റുള്ളവര്‍ കോഹ് ലിക്ക് എതിരേയും. അത് വ്യക്തമായി മനസിലാവുന്നു. ടീം വിഭജിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലെ കോഹ് ലിയുടെ അവസാനത്തെ ലോകകപ്പ് ആയതിനാലാവും. ചിലപ്പോള്‍ കോഹ് ലിയുടെ തീരുമാനങ്ങള്‍ തെറ്റാവും. എങ്കിലും കോഹ് ലി മഹാനായ ക്രിക്കറ്ററാണ്. കോഹ് ലിയെ ബഹുമാനിക്കേണ്ടതുണ്ട്, അക്തര്‍ പറഞ്ഞു. 

തുടരെ രണ്ട് തോല്‍വികള്‍ വഴങ്ങി ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താവുന്ന ഘട്ടത്തിലാണ്. ആദ്യ കളിയില്‍ പാകിസ്ഥാനും രണ്ടാമത്തേതില്‍ ന്യൂസിലാന്‍ഡും ഇന്ത്യയെ തോല്‍പ്പിച്ചു. ബുധനാഴ്ച അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുക. രണ്ട് തോല്‍വികള്‍ വഴങ്ങിയതോടെ ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തെ ചൂണ്ടി വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

ഇന്ത്യന്‍ ടീം വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നു

ന്യൂസിലാന്‍ഡിന് എതിരെ മോശം ക്രിക്കറ്റാണ് അവര്‍ കളിച്ചത്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ അവര്‍ നേരിടേണ്ടതുണ്ട്. മോശം ആറ്റിറ്റിയൂഡായിരുന്നു ഇന്ത്യയുടേത്. ടോസ് തോറ്റതോടെ തന്നെ എല്ലാവരുടേയും തല താഴ്ന്നിരുന്നു. അവര്‍ക്ക് ഒരു ഐഡിയയും ഉണ്ടായില്ല. ആ സമയം ടോസ് മാത്രമാണ് ഇന്ത്യ തോറ്റിരുന്നത്, മത്സരം മുഴുവന്‍ തോറ്റിരുന്നില്ല. അവര്‍ അവിടെ ഹാജരായിരുന്നു എന്ന് മാത്രം. ഒരു ഗെയിം പ്ലാനും കയ്യിലുണ്ടായില്ല എന്നും അക്തര്‍ പറഞ്ഞു. 

വേണ്ട ധൈര്യം കാണിച്ചില്ല എന്ന കോഹ്‌ലിയുടെ പരാമര്‍ശത്തിന് എതിരെ മുന്‍ താരം കപില്‍ ദേവ് എത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അതെന്ന് കപില്‍ ദേവ് പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com