വീണ്ടും രക്ഷകനായി ക്രിസ്റ്റിയാനോ, സമനിലയുമായി തടിതപ്പി യുനൈറ്റഡ്; നോക്കൗട്ടില്‍ കടന്ന് യുവന്റ്‌സും ബയേണും

2-1ന് പിന്നില്‍ നിന്നതിന് ശേഷം ഇഞ്ചുറി ടൈമില്‍ ഗോള്‍ വല കുലുക്കിയാണ് യുനൈറ്റഡിന് ക്രിസ്റ്റിയാനോ സമനില നേടിക്കൊടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍ഗാമോ: വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിശ്ചിത സമയം അവസാനിക്കുമ്പോഴും 2-1ന് പിന്നില്‍ നിന്നതിന് ശേഷം ഇഞ്ചുറി ടൈമില്‍ ഗോള്‍ വല കുലുക്കിയാണ് യുനൈറ്റഡിന് ക്രിസ്റ്റിയാനോ സമനില നേടിക്കൊടുത്തത്. 

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അറ്റ്‌ലാന്‍ഡയ്‌ക്കെതിരെ ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോഴും വിജയ ഗോള്‍ വന്നത് ക്രിസ്റ്റിയാനോയില്‍ നിന്നായിരുന്നു. ഇന്ന് അറ്റ്‌ലാന്റയുടെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിച്ചു. 12ാം മിനിറ്റിലാണ് ജോസിപ് ഇലിസിച്ചിലൂടെ അറ്റ്‌ലാന്റ ആദ്യ ഗോള്‍ നേടിയത്. ഡേവിഡ് ഡി ഹിയയുടെ പിഴവാണ് തുടക്കത്തില്‍ തന്നെ ലീഡ് എടുക്കാന്‍ എതിരാളികളെ തുണച്ചത്. 

ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍

എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയക്ക് ക്രിസ്റ്റ്യാനോയുടെ ഗോള്‍ എത്തി. ബ്രൂണോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. എന്നാല്‍ 56ാം മിനിറ്റില്‍ അറ്റ്‌ലാന്റ ലീഡ് ഉയര്‍ത്തി. ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെ യുനൈറ്റഡ് തോല്‍വി മുന്‍പില്‍ കണ്ടു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഗോള്‍ വല കുലുക്കി. ഗ്രീന്‍വുഡിന്റെ പാസില്‍ നിന്ന് വന്ന തകര്‍പ്പന്‍ ഷോട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സമനിലയിലേക്ക് എത്തിച്ചു. 

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു കളിയില്‍ ലെവന്‍ഡോസ്‌കിയുടെ ഹാട്രിക് ബലത്തില്‍ ബയേണ്‍ ബെന്‍ഫിക്കയെ തകര്‍ത്തു. 5-2നായിരുന്നു ബയേണിന്റെ ജയം. ഗ്രൂപ്പ് ഇയില്‍ നാല് കളിയും ജയിച്ച ബയേണ്‍ ഇതോടെ നോക്കൗട്ട് ഉറപ്പിച്ചു. വിജയ വഴിയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ബാഴ്‌സ. ഡൈനാമോ കീവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. 70ാം മിനിറ്റില്‍ അന്‍സു ഫാതിയാണ് ഗോള്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com