ഷാവി വരുന്നു... രക്ഷിക്കാന്‍; മധ്യനിര മാന്ത്രികന്‍ ഇനി ബാഴ്‌സലോണയെ പരിശീലിപ്പിക്കും

ഷാവി വരുന്നു... രക്ഷിക്കാന്‍; മധ്യനിര മാന്ത്രികന്‍ ഇനി ബാഴ്‌സലോണയെ പരിശീലിപ്പിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ആരാധകര്‍ പ്രതീക്ഷിച്ചത് തന്നെ ഒടുവില്‍ സംഭവിക്കുന്നു. ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി ക്ലബിന്റെ ഇതിഹാസ താരവും മധ്യനിരയിലെ മാന്ത്രികനുമായിരുന്ന ഷാവി ഹെര്‍ണാണ്ടസ് എത്തുന്നു. പുതിയ പരിശീലകനായി ഷാവി എത്തുന്ന കാര്യം ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡ് കോമാന്റെ കീഴില്‍ കറ്റാലന്‍ ക്ലബ് മികവില്ലാതെ തുടര്‍ന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കി ഷാവിയ്ക്ക് ക്ലബ് അവസരം തുറന്നത്. 

വീട്ടിലേക്ക് എത്താന്‍ സമയമായിരിക്കുന്നു. വെല്‍ക്കം ഷാവി- എന്നായിരുന്നു ഇതിഹാസ താരത്തിന്റെ ക്ലബിലേക്കുള്ള മടക്കെത്തെക്കുറിച്ച് ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. 

ഷാവിയുമായി നടപ്പ് സീസണിലും തുടര്‍ന്ന് രണ്ട് സീസണുകളിലും ക്ലബിനെ പരിശീലിപ്പിക്കാനുള്ള കരാറാണ് ഇപ്പോള്‍ ഒപ്പിടാനൊരുങ്ങുന്നതെന്ന് ബാഴ്‌സലോണ ക്ലബ് ഇറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഈ ആഴ്ച അവസാനത്തോടെ ഷാവി ബാഴ്‌സയ്‌ക്കൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം തീയതി പുതിയ പരിശീലകനായി ഷാവിയെ ആരാധകര്‍ക്കായി നൗകാംപില്‍ അവതരിപ്പിക്കുമെന്നും ക്ലബ് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. 

നിലവില്‍ ഖത്തര്‍ ക്ലബ് അല്‍ സാദിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുകയാണ് ഷാവി. ബാഴ്‌സലോണയും അല്‍ സാദും തമ്മില്‍ ഷാവിയെ കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. പിന്നാലെയാണ് താരം പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതം മൂളിയത്. 

ബാഴ്‌സലോണയുടെ സുവര്‍ണ സംഘത്തിലെ നിര്‍ണായക താരമായിരുന്നു ഷാവി. ഇനിയെസ്റ്റയ്‌ക്കൊപ്പം മധ്യനിരയില്‍ ഷാവി തീര്‍ത്ത വിസ്മയങ്ങള്‍ക്ക് കൈയും കണക്കുമില്ല. ബാഴ്‌സലോണയ്ക്കായി 767 മത്സരങ്ങള്‍ കളിച്ച ഷാവി 2015ലാണ് ക്ലബിനോട് വിട പറഞ്ഞത്. ബാഴ്‌സയ്‌ക്കൊപ്പം എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളും ഷാവി സ്വന്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com