20ാം ഓവറിലെ സിക്‌സ് മഴ; ഐപിഎല്ലിലെ മറ്റ് കൂറ്റനടിക്കാരെയെല്ലാം പിന്നിലാക്കി ധോനി, റെക്കോര്‍ഡ്‌

ഐപിഎല്ലിലെ 20ാം ഓവറില്‍ ധോനിയുടെ 50ാമത്തെ സിക്‌സ് ആണ് അവിടെ സിദ്ധാര്‍ഥ് കൗളിനെതിരെ വന്നത്
ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍
ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍

ഷാര്‍ജ: പഴയ ധോനിയെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഹൈദരാബാദിന് എതിരെ തകര്‍പ്പന്‍ സിക്‌സിലൂടെ കളി ഫിനിഷ് ചെയ്ത് ആരാധകരുടെ കയ്യടി വാങ്ങിയതിനൊപ്പം ഒരു റെക്കോര്‍ഡും ധോനി തന്റെ പേരില്‍ ചേര്‍ക്കുന്നു. 

ഐപിഎല്ലിലെ 20ാം ഓവറില്‍ ധോനിയുടെ 50ാമത്തെ സിക്‌സ് ആണ് അവിടെ സിദ്ധാര്‍ഥ് കൗളിനെതിരെ വന്നത്. ഐപിഎല്ലില്‍ 20ാം ഓവറില്‍ 50 സിക്‌സുകള്‍ നേടുന്ന താരമാണ് ധോനി. മറ്റൊരു താരത്തിനും ഐപിഎല്ലില്‍ ഈ നേട്ടം അവകാശപ്പെടാനില്ല. 

20ാം ഓവറില്‍ 30 സിക്‌സുകള്‍ പറത്തിയ പൊള്ളാര്‍ഡ് ആണ് ഇവിടെ ധോനിക്ക് പിന്നില്‍ രണ്ടാമത്. 23 സിക്‌സുമായി രോഹിത്തും ഹര്‍ദിക്കുമാണ് പിന്നെ വരുന്നത്. 21 സിക്‌സുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയാണ് അഞ്ചാം സ്ഥാനത്ത്. 

ചെയ്‌സ് ചെയ്ത് ഇറങ്ങവെ 20ാം ഓവറില്‍ 10 സിക്‌സില്‍ കൂടുതല്‍ ധോനിയല്ലാതെ മറ്റൊരു താരവും നേടിയിട്ടില്ല. 2011 ലോകകപ്പ് ഫൈനലില്‍ പറത്തിയതിന് സമാനമായിരുന്നു ഷാര്‍ജയില്‍ സിദ്ധാര്‍ഥ് കൗളിന്റെ ഡെലിവറിയില്‍ ധോനിയുടെ ബാറ്റില്‍ നിന്ന് വന്ന സിക്‌സ്. അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ സിംഗിള്‍ എടുത്ത് റായിഡു ധോനിക്ക് സ്‌ട്രൈക്ക് കൈമാറി. 

മൂന്നാമത്തെ ഡെലിവറിയില്‍ റണ്‍സ് കണ്ടെത്താന്‍ ധോനിക്കായില്ല. മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ധോനി സിക്‌സ് പറത്തി കളി ഫിനിഷ് ചെയ്തത്. ഇതോടെ പഴയ ധോനിയെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com