മികച്ച തുടക്കം കിട്ടിയിട്ടും പരാജയപ്പെട്ട് പഞ്ചാബ്; ബാംഗ്ലൂരിന് ആറ് റണ്‍സ് വിജയം; പ്ലേഓഫില്‍

മികച്ച തുടക്കം കിട്ടിയിട്ടും പരാജയപ്പെട്ട് പഞ്ചാബ്; ബാംഗ്ലൂരിന് ആറ് റണ്‍സ് വിജയം; പ്ലേഓഫില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി പ്ലേഓഫിലേക്ക് മുന്നേറി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആറ് റണ്‍സിന്റെ വിജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 165 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് കണ്ടെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 

മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ പഞ്ചാബിന് സാധിക്കാതെ പോയി. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ മിന്നും ബൗളിങാണ് ബാംഗ്ലൂരിന് വിജയമൊരുക്കിയത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

പഞ്ചാബ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 10.5 ഓവറില്‍ 91 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ക്രീസിലെത്തിയവര്‍ മികവ് പുലര്‍ത്താഞ്ഞത് പഞ്ചാബിന് തിരിച്ചടിയായി. 

മായങ്ക് 42 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. രാഹുല്‍ 35 പന്തില്‍ 39 റണ്‍സും. ഒരു ഫോറും രണ്ട് സിക്‌സും പഞ്ചാബ് നായകന്‍ പറത്തി. 

പിന്നീട് എത്തിയവരില്‍ എയ്ഡന്‍ മാര്‍ക്രം (20), ഷാരൂഖ് ഖാന്‍ (16), മോയ്‌സസ് ഹെന്റിക്‌സ് (പുറത്താകാതെ 12) എന്നിവരും വിജയത്തിനായി ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല. 

ചഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോര്‍ജ് ഗാര്‍ടന്‍, ഷഹബാസ് അഹമദ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ ബാംഗ്ലൂരിനായി ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ അര്‍ധ സെഞ്ച്വറി നേടി. 33 പന്തുകള്‍ നേരിട്ട് നാല് സിക്‌സുകളും മൂന്ന് ഫോറുകളും സഹിതം 57 റണ്‍സാണ് താരം കണ്ടെത്തിയത്. ദേവ്ദത്ത് പടിക്കല്‍ (40), വിരാട് കോഹ്‌ലി (25), എബി ഡിവില്ല്യേഴ്‌സ് (23) എന്നിവരാണ് ടീമിനായി തിളങ്ങിയത്. ഡാന്‍ ക്രിസ്റ്റിയന്‍ (പൂജ്യം), ഷഹബാസ് അഹമ്മദ് (എട്ട്), ജോര്‍ജ് ഗാര്‍ടന്‍ എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 

ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

പിന്നീട് മോയ്‌സസ് ഹെന്റിക്‌സ് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂരിനെ പിടിച്ചു നിര്‍ത്തി. തന്റെ അടുത്ത ഓവറില്‍ ഹെന്റിക്‌സ് ഒരു വിക്കറ്റ് കൂടി എടുത്തതോടെ വിക്കറ്റ് നഷ്ടമില്ലാതെ 68 എന്ന നിലയില്‍ നിന്ന് ആര്‍സിബി പെട്ടെന്ന് മൂന്നിന് 73 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസില്‍ ഒന്നിച്ച മാക്‌സ്‌വെല്‍, ഡിവില്ല്യേഴ്‌സ് സഖ്യം ടീമിനെ ട്രാക്കിലാക്കി. 

അവസാന ഓവറില്‍ അധികം റണ്‍സ് നേടാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അവസാന ഓവറില്‍ ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

പഞ്ചാബിനായി ഹെന്റിക്‌സ് നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയ്ക്കും മൂന്ന് വിക്കറ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com