ആൻഫീൽഡിലെ ബ്ലോക്ക്ബസ്റ്റർ; അടി, തിരിച്ചടി; കട്ടയ്ക്ക് പൊരുതി ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും; സമനില

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2021 10:43 AM  |  

Last Updated: 04th October 2021 10:43 AM  |   A+A-   |  

breathless show at Anfield

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരുടെ പോരാട്ടം സമനിലയിൽ. ലിവർപൂൾ- മാഞ്ചസ്റ്റർ സിറ്റി മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. തുടക്കം മുതൽ അവസാന വിസിൽ വരെ അടിമുടി ആവേശം നിറഞ്ഞ പോരാട്ടത്തെ ആൻഫീൽഡിലെ ബ്ലോക്ക്ബസ്റ്റർ എന്ന് വിശേഷിപ്പിക്കാം. 

59ാം മിനിറ്റിൽ സാദിയോ മാനെ, 76ാം മിനിറ്റിൽ മുഹമ്മദ് സല എന്നിവർ ലിവർപൂളിനായി വല കുലുക്കി. 69ാം മിനിറ്റിൽ ഫിൽ ഫോഡൻ, 81ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്‌നെ എന്നിവർ സിറ്റിക്കായും പന്ത് വലയിലാക്കി.

ആൻഫീൽഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. അവർ തുടരെ തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും ഒന്ന് പോലും വലയിൽ എത്തിക്കാൻ ആയില്ല. ഇടതു വിങ്ങിൽ ഫിൽ ഫോഡനായിരുന്നു ലിവർപൂൾ ഡിഫൻസിനെ ഏറെ ഭീഷണിൽ ആയത്. ലിവർപൂൾ ഡിഫൻസിൽ ഇറങ്ങിയ മിൽനറിനെ ഫോഡൻ ശരിക്കും കഷ്ടപ്പെടുത്തി. ബെർണാഡോ സിൽവയുടെ മിഡ്ഫീൽഡിൽ നിന്നുള്ള ഒരു ഗംഭീര കുതിപ്പും ആദ്യ പകുതിയിൽ കണ്ടു. പക്ഷെ ഒരു മുന്നേറ്റവും ഗോളായില്ല.

രണ്ടാം പകുതിയിൽ ലിവർപൂൾ സ്വതസിദ്ധമായ ശൈലിയിലായി. 59ാം മിനിറ്റിൽ അതിന്റെ ഫലവും വന്നു. മൈതാന മധ്യത്ത് വെച്ച് പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ മുന്നേറിയ സലയെ തടയാൻ ആർക്കും ആയില്ല. സലാ പെനാൽറ്റി ബോക്സിലേക്ക് മുന്നേറിയ മാനെയെ കണ്ടെത്തുകയും മാനെ ലിവർപൂളിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. ഈ ഗോളിനോട് നന്നായി തന്നെ സിറ്റി പ്രതികരിച്ചു. ജിസുസിന്റെ പാസിൽ നിന്ന് 69ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്ക് സമനില സമ്മാനിച്ചു.

ജിസുസിന്റെ മനോഹര പാസ് സ്വീകരിച്ച് പോസ്റ്റിലേക്ക് ഫോഡൻ പന്ത് ഡ്രിൽ ചെയ്ത് കയറ്റുകയായിരുന്നു. കളി ഇതോടെ ആവേശകരമായി. 76ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം സല തന്റെ പ്രതിഭയുടെ മഴുവൻ കരുത്തും പുറത്തെടുത്തു. ഇടതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച സലാ നടത്തിയ നൃത്ത ചുവട് കണ്ട് സിറ്റി ഡിഫൻസ് അമ്പരന്നു. ആ നീക്കത്തിന് ഒടുവിൽ ലീഗിൽ ഈ സീസൺ കണ്ട ഏറ്റവും മികച്ച ഗോളിൽ ഒന്ന് പിറന്നു. ലിവർപൂൾ 2-1ന് മുന്നിൽ.

മത്സരത്തിന്റെ ആവേശം അവസാനിച്ചില്ല. സിറ്റി പൊരുതി. 81ാം മിനിറ്റിൽ വീണ്ടും സമനില. ഇത്തവണ മറ്റൊരു സുന്ദര ഗോൾ. പിറന്നത് ഡിബ്രുയ്നെന്റെ ബൂട്ടിൽ നിന്ന്. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ബോക്‌സിന് വെളിയിലേക്ക് പോയി. പന്ത് സ്വീകരിച്ച ഡിബ്രുയ്നെ മികച്ച ലോങ് റേഞ്ചറിലൂടെ ഗോൾ നേടി. ലിവർപൂൾ പ്രതിരോധതാരം മാറ്റിപ്പിനെ തഴുകിയാണ് പന്ത് വലയിലെത്തിയത്. അതോടെ ഗോൾകീപ്പർ അലിസണിന്റെ കണക്കുകൂട്ടലും തെറ്റി. മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലിവർപൂളിന്റെ ഫാബിന്യോയയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സിറ്റി പ്രതിരോധതാരം റൂബൻ ഡയസ് രക്ഷപ്പെടുത്തി. 

ലിവർപൂൾ 15 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 14 പോയന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി.