തോറ്റാല്‍ പുറത്ത്, മുംബൈക്കും രാജസ്ഥാനും ഇന്ന് ജീവന്‍ മരണ പോരാട്ടം

പ്ലേഓഫ് കടക്കണം എങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്
ഫോട്ടോ: ബിസിസിഐ, ഐപിഎല്‍
ഫോട്ടോ: ബിസിസിഐ, ഐപിഎല്‍

ഷാര്‍ജ: ഐപിഎല്ലില്‍ സഞ്ജുവിനും കൂട്ടര്‍ക്കും ഇന്ന് ജീവന്‍ മരണ പോരാട്ടം. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണം എങ്കില്‍ മുംബൈക്കെതിരെ രാജസ്ഥാന് ഇന്ന് ജയിക്കണം. പ്ലേഓഫ് കടക്കണം എങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

ഇന്ന് തോല്‍ക്കുന്ന ടീമിന് മുന്‍പില്‍ പ്ലേഓഫ് സാധ്യതകള്‍ അടയും. 12 കളിയില്‍ നിന്ന് 10 പോയിന്റ് വീതമാണ് രാജസ്ഥാനും മുംബൈക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ മുംബൈക്ക് മുകളില്‍ രാജസ്ഥാന്‍ നില്‍ക്കുന്നു. ഇന്ന് ജയിക്കുന്ന ടീമിന് 12 പോയിന്റാവും. 

12 പോയിന്റുമായി കൊല്‍ക്കത്തയാണ് നാലാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ എന്നാല്‍ പഞ്ചാബിനേക്കാളും മുംബൈയേക്കാളും നെറ്റ്‌റണ്‍റേറ്റ് കൂടുതലുള്ളത് കൊല്‍ക്കത്തയെ തുണയ്ക്കും. അതിനാല്‍ ഇന്ന് ജയിക്കുന്ന ടീം അഞ്ചാം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത. 

ഇന്ന് മുംബൈയെ തോല്‍പ്പിച്ച് അടുത്ത കളിയില്‍ കൊല്‍ക്കത്തയേയും വീഴ്ത്തിയാലാണ് രാജസ്ഥാന്റെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവുക. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ തകര്‍പ്പന്‍ ജയവുമായി എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. ഓപ്പണര്‍മാരുടെ ഫോമും സഞ്ജുവിലുള്ള വിശ്വാസവും ശിവം ദുബെ, ഫിലിപ്പ്‌സ് എന്നിവരുടെ പ്രഹരശേഷിയും രാജസ്ഥാന്റെ പ്രതീക്ഷകള്‍ കൂട്ടുന്നു. 

രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ഫോമില്ലായ്മയാണ് മുംബൈയെ കുഴയ്ക്കുന്നത്. കഴിഞ്ഞ കളിയില്‍ ഡല്‍ഹിയോട് തോറ്റാണ് മുംബൈ വരുന്നത്. ഡല്‍ഹിക്കെതിരെ 129 റണ്‍സ് മാത്രമായിരുന്നു മുംബൈക്ക് കണ്ടെത്താനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com