ആര്‍സിബിയെ തകര്‍ത്ത് സണ്‍റൈസേഴ്‌സ്; വിജയം ബൗളിങ് മികവില്‍

ആര്‍സിബിയെ തകര്‍ത്ത് സണ്‍റൈസേഴ്‌സ്; വിജയം ബൗളിങ് മികവില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നാല് റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ ആവേശ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ബാംഗ്ലൂരിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഹൈദരാബാദ് വിജയം പിടിച്ചത്. സീസണില്‍ ഹൈദരാബാദിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്.
 
ജയത്തിലേക്കു 13 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ ഒരു തവണ സിക്‌സര്‍ പറത്തിയെങ്കിലും പിന്നെയൊരു വമ്പനടിക്ക് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സിനു കഴിഞ്ഞില്ല. സിക്‌സര്‍ ഉള്‍പ്പെടെ അവസാന ഓവറില്‍ നേടാനായത് എട്ട് റണ്‍സ് മാത്രം. 

ഹൈദരാബാദിനെ പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിനു ഭുവനേശ്വറിന്റെ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയെ (അഞ്ച്) നഷ്ടപ്പെട്ടു. 4-ാം ഓവറില്‍ ഡാന്‍ ക്രിസ്റ്റ്യനും (രണ്ട്) പിന്നാലെ ശ്രീകര്‍ ഭരത്തും (12) പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു  മാക്‌സ്‌വെലും (40) ദേവ്ദത്ത് പടിക്കലും (41)  പ്രതീക്ഷ നല്‍കി. 15-ാം ഓവറില്‍ മാക്‌സ്വെല്‍ വില്യംസന്റെ ത്രോയില്‍ റണ്ണൗട്ടാവുകയും പിന്നാലെ ദേവ്ദത്ത് മടങ്ങുകയും ചെയ്തതോടെ ഹൈദരാബാദ് കളിയിലേക്കു തിരിച്ചെത്തി. 

ഹൈദരാബാദ് നിരയില്‍ പന്തെറിഞ്ഞവരെല്ലാം ഒരു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍, ജേസന്‍ ഹോള്‍ഡര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്, റാഷിദ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

നേരത്തേ, ജേസണ്‍ റോയ് (44) ക്യാപ്റ്റന്‍ വില്യംസന്‍ (31) അടിത്തറയിട്ടെങ്കിലും ഹൈദരാബാദിന് 7നു 141ല്‍ എത്താനേ കഴിഞ്ഞുള്ളൂ. 14 ഓവറില്‍ 2ന് 105 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഹൈദരാബാദിനു പിന്നീട് ഏഴ് പന്തുകള്‍ക്കിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ട്  വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com