ട്വന്റി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിനം നാളെ; ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക തുടരുന്നു

ഹര്‍ദിക് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ ഉടലെടുത്ത ആശയ കുഴപ്പം പരിഹരിക്കുന്നതില്‍ എംഎസ് ധോനിയുടെ പങ്ക് നിര്‍ണായകമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഒരു പന്ത് പോലും എറിയാതെ ഹര്‍ദിക് പാണ്ഡ്യ ബൗളിങ് അവസാനിപ്പിച്ചതോടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ഒക്ടോബര്‍ 10 വരെയാണ് ട്വന്റി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ രാജ്യങ്ങള്‍ക്ക് സമയമുള്ളത്. ഹര്‍ദിക് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ ഉടലെടുത്ത ആശയ കുഴപ്പം പരിഹരിക്കുന്നതില്‍ എംഎസ് ധോനിയുടെ പങ്ക് നിര്‍ണായകമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഐപിഎല്ലില്‍ ഹര്‍ദിക് പന്തെറിയാതിരുന്നതോടെ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിനെ എടുത്തത് ബാറ്റ്‌സ്മാനായി മാത്രമാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത ആഴ്ചയോടെ ബൗള്‍ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലേക്ക് ഹര്‍ദിക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് രോഹിത് ശര്‍മ ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. 

ബാറ്റും ബൗളും ചെയ്യുമ്പോള്‍ ഹര്‍ദിക്ക് തികച്ചും വ്യത്യസ്തനായൊരു കളിക്കാരനാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ രണ്ട് മാച്ച് വിന്നിങ് ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളത് എത്രമാത്രം ഗുണമാണെന്ന് ചിന്തിച്ച് നോക്കൂ. എന്നാല്‍ ബൗള്‍ ചെയ്യാനാവാതെ വരുമ്പോള്‍ ഹര്‍ദിക്കിന്റെ പ്രഭാവം കുറയുന്നു. അങ്ങനെ വരുമ്പോള്‍ ടീം കോമ്പിനേഷനെ കുറിച്ച് പുനര്‍ചിന്തം വേണ്ടതുണ്ട്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫിനിഷര്‍ എന്ന നിലയിലേക്ക് ഉയരാനുള്ള കഴിവ് ഹര്‍ദിക്കിനുണ്ട്. എന്നാല്‍ ഫിനിഷര്‍, ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഹര്‍ദിക്കിനെ കളിപ്പിക്കുമോ? ഇവിടെയാണ് ധോനിയുടെ നിലപാട് നിര്‍ണായകമാവുന്നത്. ഹര്‍ദിക്കിന്റെ ക്രിക്കറ്റ് താരമെന്ന നിലയിലെ വളര്‍ച്ച ധോനിക്കറിയാം. മധ്യനിരയില്‍ ഹര്‍ദിക്കിന്റെ പരിചയ സമ്പത്ത് വിനിയോഗിക്കണമോ എന്നതില്‍ ധോനിയുടെ അഭിപ്രായം നിര്‍ണായകമാവും എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com