പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നാശം വിതച്ച് നരെയ്ൻ; വീണ്ടും കിരീടമില്ലാതെ കോഹ്‌ലിയുടെ മടക്കം; ജീവൻ നീട്ടി കൊൽക്കത്ത

പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നാശം വിതച്ച് നരെയ്ൻ; വീണ്ടും കിരീടമില്ലാതെ കോഹ്‌ലിയുടെ മടക്കം; ജീവൻ നീട്ടി കൊൽക്കത്ത
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: എലിമിനേറ്ററിലെ ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകർത്ത് ക്വാളിഫയറിലേക്ക് ജീവൻ നീട്ടി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയ ലക്ഷ്യം കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടൂർണമെന്റിൽ നിന്നു പുറത്തായി. 

ബാറ്റു കൊണ്ടും പന്തു കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ സുനിൽ നരെയ്‌നാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. സ്‌കോർ: ബാംഗ്ലൂർ 20 ഓവറിൽ ഏഴിന് 138, കൊൽക്കത്ത 19.4 ഓവറിൽ ആറിന് 139.

കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ അഞ്ചോവറിൽ ഇരുവരും 40 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിലെ രണ്ടാം പന്തിൽ ടൂർണമെന്റിലെ ഓറഞ്ച് ക്യാപ്പ് ഹോൾഡറായ ഹർഷൽ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ഗില്ലിനെ ഡിവില്ലിയേഴ്‌സിന്റെ കൈയ്യിലെത്തിച്ച് ഹർഷൽ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 

ഗില്ലിന് പകരം രാഹുൽ ത്രിപാഠി ക്രീസിലെത്തി. 6.2 ഓവറിൽ ടീം സ്‌കോർ 50 കടന്നു. രാഹുലിന് പക്ഷേ പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത താരത്തെ ചഹൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും വെങ്കടേഷും വളരെ സൂക്ഷിച്ചാണ് കളിച്ചത്. സ്പിന്നർമാർ വന്നതോടെ കൊൽക്കത്തയുടെ വേഗം കുറഞ്ഞു. 11-ാം ഓവറിൽ അയ്യരെ മടക്കി ഹർഷൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 

30 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ ഹർഷൽ വിക്കറ്റ് കീപ്പർ ഭരത്തിന്റെ കൈയിലെത്തിച്ചു. ഇതോടെ കൊൽക്കത്ത 79 ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. അയ്യർക്ക് പകരം സുനിൽ നരെയ്‌നാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യപന്തിൽ തന്നെ സിക്‌സടിച്ച് നരെയ്ൻ സമ്മർദം കുറച്ചു. ഡാൻ ക്രിസ്റ്റ്യൻ എറിഞ്ഞ രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്‌സടിച്ച് നരെയ്ൻ കൊടുങ്കാറ്റായി മാറി. 12 ഓവറിൽ ടീം സ്‌കോർ 100 കടന്നു. 

എന്നാൽ 23 റൺസെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത റാണയെ പുറത്താക്കി ചഹൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു. റാണയ്ക്ക് പകരം ദിനേശ് കാർത്തിക്ക് ക്രീസിലെത്തി. അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നു. സിറാജെറിഞ്ഞ 18-ാം ഓവറിലെ രണ്ടാം പന്തിൽ നരെയ്ൻ പുറത്തായി. 15 പന്തുകളിൽ നിന്ന് 26 റൺസെടുത്ത നരെയ്‌നിനെ സിറാജ് ബൗൾഡാക്കി. താരത്തിന് പകരം നായകൻ മോർഗൻ ക്രീസിലെത്തി. 

അതേ ഓവറിലെ നാലാം പന്തിൽ ദിനേശ് കാർത്തിക്കിനെയും മടക്കി സിറാജ് കളി ആവേശക്കൊടുമുടിയിൽ എത്തിച്ചു. 10 റൺസ് മാത്രമടുത്ത കാർത്തിക്ക് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിന് ക്യാച്ച് നൽകി മടങ്ങി. ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇതോടെ അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയ ലക്ഷ്യം 12 റൺസായി. 

കാർത്തിക്കിന് പകരം ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സനാണ് ക്രീസിലെത്തിയത്. ജോർജ് ഗാർട്ടൺ എറിഞ്ഞ 19-ാം ഓവറിൽ കൊൽക്കത്ത അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഇതോടെ അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസായി.

അവസാന ഓവർ എറിഞ്ഞ ഡാൻ ക്രിസ്റ്റിയന്റെ ആദ്യ പന്തിൽ തന്നെ ഫോറടിച്ച് ഷാക്കിബ് മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. രണ്ടാം പന്തിൽ സിംഗിളും നേടി. മൂന്നാം പന്തിൽ മോർഗൻ ഒരു റൺസ് നേടി. നാലാം പന്തിൽ വിജയ റൺ നേടി. ഷാക്കിബ് ഒൻപതും മോർഗൻ അഞ്ചും റൺസെടുത്ത് പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി സിറാജ്, ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിർണായകമായ നാല് വിക്കറ്റുകൾ വീഴ്ത്തി സുനിൽ നരെയ്‌ന്റെ പന്തുകൾ മാന്ത്രികത കൈവരിച്ചപ്പോൾ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുകഴ്‌പ്പെറ്റ ബാറ്റിങ് നിരയ്ക്ക് അടിതെറ്റി. ടോസ് നേടി ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ 49ൽ നിൽക്കെ ദേവ്ദത്തിനെ പുറത്താക്കി ലോക്കി ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കിയതോടെ കൊൽക്കത്ത കളിയിലേക്ക് തിരിച്ചെത്തി. 18 പന്തിൽ 21 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 

പിന്നീട് കൃത്യമായ ഇടവേളകളിൽ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായി. സ്‌കോർ 69ൽ നിൽക്കെ ഒൻപത് റൺസെടുത്ത ശ്രീകർ ഭരതിനെ നരെയ്ൻ ഫെർഗൂസന്റെ കൈകളിൽ എത്തിച്ച് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ കോഹ്‌ലിയെ ക്ലീൻ ബൗൾഡാക്കി നരെയ്ൻ ബാംഗ്ലൂരിനെ വീണ്ടും സമ്മർദ്ദത്തിലാക്കി. 

33 പന്തുകൾ നേരിട്ട് ഒരറ്റത്ത് പിടിച്ചു നിന്ന കോഹ്‌ലി 39 റൺസെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറുകളും ക്യാപ്റ്റന്റെ ബാറ്റിൽ നന്ന് പിറന്നു. 

ഗ്ലെൻ മാക്‌സ്‌വെൽ (18 പന്തിൽ 15), എബി ഡിവില്ല്യേഴ്‌സ് (ഒൻപത് പന്തിൽ 11) എന്നിവരേയും നരെയ്ൻ തന്നെ മടക്കിയതോടെ ബംഗ്ലൂരിന്റെ മികച്ച സ്‌കോർ നേടാനുള്ള ലക്ഷ്യത്തിന് തിരിച്ചടി നേരിട്ടു. 

13 റൺസെടുത്ത ഷഹബാസ് അഹമ്മദിനെ ലോക്കി ഫെർഗൂസൻ പവലിയനിലേക്ക് മടക്കിയപ്പോൾ പിന്നാലെ എത്തിയ ഡാൻ ക്രിസ്റ്റ്യൻ ഒൻപത് റൺസുമായി റണ്ണൗട്ടായി മടങ്ങി. ഹർഷൽ പട്ടേൽ എട്ട് റൺസുമായി ജോർജ് ഗാർടൻ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. 

കൊൽക്കത്തയ്ക്കായി നരെയ്ൻ നാലോവറിൽ 21 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഫെർഗൂസൻ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com