കിരീട പോരിലെ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; ഫൈനല്‍ ഉറപ്പിക്കാന്‍ കൊല്‍ക്കത്തയും ഡല്‍ഹിയും

രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഐപിഎല്‍ കിരീട പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളികള്‍ ആരെന്ന് ഇന്ന് അറിയാം. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. 

എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ താളം തെറ്റിയെങ്കിലും യുഎഇയിലേക്ക് എത്തിയതോടെ കൊല്‍ക്കത്ത രൂപം മാറ്റി. 

ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വരുമ്പോള്‍ യുവതാരങ്ങളിലേക്കാണ് ശ്രദ്ധ. പൃഥ്വി ഷാ 14 കളിയില്‍ നിന്ന് 461 റണ്‍സ് കണ്ടെത്തി. 121.72 സ്‌ട്രൈക്ക്‌റേറ്റിലാണ് ഇത്. ശുഭ്മാന്‍ ഗില്‍ 15 കളിയില്‍ നിന്ന് കണ്ടെത്തിയത് 381 റണ്‍സ്. ഈ സീസണില്‍ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

യുഎഇയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഓരോ വട്ടം വീതം ജയം പിടിച്ചു. 28 കളിയിലാണ് കൊല്‍ക്കത്തയും ഡല്‍ഹിയും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത്. അതില്‍ 15 വട്ടം കൊല്‍ക്കത്ത ജയിച്ചപ്പോള്‍ 12 തവണയാണ് ഡല്‍ഹി ജയം പിടിച്ചത്. 

ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കെതിരെ പന്ത് അവസാന ഓവര്‍ നല്‍കിയത് ടോം കറാന്റെ കൈകളിലേക്കാണ്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ടോം കറാനെ രണ്ടാം ക്വാളിഫയറില്‍ ബെഞ്ചിലിരുത്തിയേക്കും.നായകനായി ഋഷഭ് പന്ത് എടുത്തുന്ന തീരുമാനങ്ങള്‍ ഈ കളിയില്‍ കൂടുതലായി നിരീക്ഷിക്കപ്പെടുമെന്നും വ്യക്തം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com