'ഇന്ത്യക്കെതിരെ ഞങ്ങള്‍ ജയിക്കും', കാരണങ്ങള്‍ നിരത്തി ബാബര്‍ അസം

യുഎഇയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത് തങ്ങള്‍ക്കാണെന്നതാണ് ഇവിടെ ബാബര്‍ അസം ചൂണ്ടിക്കാണിക്കുന്നത്
കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം
കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ പോരില്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. യുഎഇയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത് തങ്ങള്‍ക്കാണെന്നതാണ് ഇവിടെ ബാബര്‍ അസം ചൂണ്ടിക്കാണിക്കുന്നത്. 

പാകിസ്ഥാനുമായി ഏറ്റുമുട്ടിയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 24നാണ് മത്സരം. ദുബായി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോര് നടക്കുന്നത്. ഇവിടെ കളിച്ച ആറ് ട്വന്റി20യിലും പാകിസ്ഥാന്‍ ജയം നേടി. 

കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി യുഎഇയില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു. ഇവിടത്തെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇവിടെ വിക്കറ്റ് എങ്ങനെ പെരുമാറും എന്നും ബാറ്റ്‌സ്മാന്മാര്‍ ഏത് വിധത്തിലാണ് കളിക്കേണ്ടത് എന്നും ഞങ്ങള്‍ക്ക് വളരെ നന്നായി അറിയാം, ബാബര്‍ അസം പറയുന്നു. 

നല്ല ക്രിക്കറ്റ് കളിക്കുന്ന ടീമാണ് കളി ജയിക്കുക. എന്നോട് ചോദിച്ചാല്‍ ഞങ്ങള്‍ ജയിക്കും എന്നാവും എന്റെ മറുപടി. ട്വന്റി20 ലോകകപ്പ് മത്സരത്തിന്റെ സമ്മര്‍ദവും തീവ്രതയും ഞങ്ങള്‍ക്കറിയാം, പ്രത്യേകിച്ച് ആദ്യ മത്സരത്തിലെ. ടീം എന്ന നിലയില്‍ ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ് പോയതിനെ കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിക്കുന്നില്ല. ഭാവി മുന്‍പില്‍ കണ്ടാണ് ഞങ്ങള്‍ ഒരുങ്ങുന്നത് എന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡനാണ് ട്വന്റി20 ലോകകപ്പിന് ഇറങ്ങുമ്പോള്‍ പാകിസ്ഥാന്റെ ബാറ്റിങ് കോച്ച്. ബൗളിങ് കോച്ച് ആഫ്രിക്കന്‍ പേസര്‍ ഫിലാന്‍ഡറും. ഹെയ്ഡനില്‍ നിന്നും ഫിലാന്‍ഡറില്‍ നിന്നും കഴിയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമം എന്നും ബാബര്‍ അസം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com