വിജയ തേരോട്ടം തുടര്‍ന്ന് ബ്രസീല്‍, ഉറുഗ്വേയെ 4-1ന് വീഴ്ത്തി; മെസി മങ്ങിയിട്ടും പെറുവിനെതിരെ ജയം പിടിച്ച് അര്‍ജന്റീന

ഉറുഗ്വേയന്‍ പ്രതിരോധത്തിന് നടുവില്‍ നെയ്മറെ കണ്ടെത്താന്‍ ഫ്രെഡിന് കഴിഞ്ഞതോടെയാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയ തേരോട്ടം തുടര്‍ന്ന് ബ്രസീല്‍. ഉറുഗ്വേയെ 4-1ന് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ പെറുവിനെ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗാേളിന് തോല്‍പ്പിച്ചു. 

ഒന്നാം സ്ഥാനത്തും രണ്ടാമതുമുള്ള ബ്രസീലും അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് ഉറപ്പിക്കും എന്ന് വ്യക്തമായി. അര്‍ജന്റീനക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ മെസിക്ക് കഴിഞ്ഞില്ലെങ്കിലും ജയം പിടിക്കാന്‍ ടീമിനായി. 

ബ്രസീലിനായി നെയ്മറിന്റെ 70ാം ഗോള്‍

ഉറുഗ്വേയന്‍ പ്രതിരോധത്തിന് നടുവില്‍ നെയ്മറെ കണ്ടെത്താന്‍ ഫ്രെഡിന് കഴിഞ്ഞതോടെയാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ എത്തിയത്. 10ാം മിനിറ്റിലായിരുന്നു ഇത്. ഡ്രിബിള്‍ ചെയ്ത് ഗോള്‍ കീപ്പറിനേയും വെട്ടിച്ച് നെയ്മര്‍ വല കുലുക്കി. 

ബ്രസീലിനായി ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ച റാഫിഞ്ഞ 18ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വല കുലുക്കിയതോടെ ബ്രസീലിന്റെ ലീഡ് ഉയര്‍ന്നു. 58ാം മിനിറ്റില്‍ വീണ്ടും റാഫിഞ്ഞയുടെ ഗോള്‍ എത്തി. 77ാം മിനിറ്റിലാണ് സുവാരസ് ഫ്രീകിക്കില്‍ നിന്ന് ഉറുഗ്വേയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 

പെറുവിന് എതിരായ കളിയില്‍ ആദ്യ രണ്ട് മിനിറ്റില്‍ തന്നെ രണ്ട് സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ടും മുതലാക്കാനായില്ല. 43ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസിന്റെ ഹെഡ്ഡറിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്. 

എത്ര രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും? ബ്രസീലിന് വേണ്ടത് ഒരു ജയം കൂടി

11 കളിയില്‍ നിന്ന് 10 ജയവും ഒരു സമനിലയുമായി 31 പോയിന്റോടെയാണ് ബ്രസീല്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമതുള്ള അര്‍ജന്റീന 11 കളിയില്‍ നിന്ന് ഏഴ് ജയവും 4 സമനിലയും നേടി 25 പോയിന്റോടെ രണ്ടാമത് നില്‍ക്കുന്നു. 

നവംബറില്‍ കൊളംബിയക്കെതിരായ കളിയില്‍ ജയിച്ചാല്‍ ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും. ടോപ് നാലില്‍ എത്തുന്ന ടീമുകളാണ് ഖത്തര്‍ ലോകകപ്പിനായി നേരിട്ട് യോഗ്യത നേടുന്നത്. അഞ്ചാമത് എത്തുന്ന ടീം ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫ് കളിച്ചാണ് യോഗ്യത നേടേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com