സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും, ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20യില്‍ സഞ്ജുവിനും സാധ്യത

വിരാട് കോഹ് ലി, രോഹിത് ശര്‍മ, ബൂമ്ര, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ബയോ ബബിളിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ട്വന്റി20 ലോകകപ്പിന് ശേഷം വരുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യ പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും എന്ന് സൂചന. മൂന്ന് ട്വന്റി20കള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ സഞ്ജു, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് ഇടം നേടാനുള്ള സാധ്യത തെളിയുന്നു. 

നവംബര്‍ 17,19,21 തിയതികളിലാണ് ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ബൂമ്ര, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ബയോ ബബിളിലാണ്. ഇവര്‍ക്കൊപ്പം ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിന് വിക്കറ്റിന് പിന്നിലേക്ക് എത്താനായേക്കും എന്നാണ് സൂചന. 

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഋതുരാജ് ഗയ്കവാദ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കും ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20യില്‍ അവസരം ലഭിച്ചേക്കും. ടെസ്റ്റ് പരമ്പരയും ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ കളിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയില്‍ ഇടക്കാല പരിശീലകനായി ഇന്ത്യന്‍ ടീമിലേക്ക് രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് സൂചന. ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. ഇടക്കാല പരിശീലകന്റെ ചുമതല ദ്രാവിഡ് ഏറ്റെടുത്തേക്കും എന്നാണ് സൂചനകള്‍. 

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്? 484 റണ്‍സ് കണ്ടെത്തിയ ഐപിഎല്‍ സീസണ്‍ തുണയാവും

ശ്രീലങ്കയ്ക്ക് എതിരെ ഒരു ഏകദിനവും മൂന്ന് ട്വന്റി20യും സഞ്ജു കളിച്ചിരുന്നു. ഒരു ഏകദിനത്തില്‍ നിന്ന് 46 റണ്‍സ് നേടിയ സഞ്ജുവിന് മൂന്ന് ട്വന്റി20കളില്‍ നിന്ന് കണ്ടെത്താനായത് 34 റണ്‍സ് മാത്രമാണ്. ഇന്ത്യക്ക് വേണ്ടി ഇതുവരെ 10 ട്വന്റി20യാണ് സഞ്ജു കളിച്ചത്. എന്നാല്‍ നേടാനായത് 117 റണ്‍സ് മാത്രം. ശരാശരി 11.70 ഇത് ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിനുള്ള സഞ്ജുവിന്റെ സാധ്യതകളേയും കാര്യമായി ബാധിച്ചിരുന്നു. 

എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് സഞ്ജുവിന്റെ സാധ്യതകള്‍ വീണ്ടും ഉയര്‍ത്തുന്നത്. 14 കളിയില്‍ നിന്ന് 484 റണ്‍സ് ആണ് സഞ്ജു ഈ സീസണില്‍ നേടിയത്. 119 ആണ് സീസണിലെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് വട്ടം അര്‍ധ ശതകവും പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com