മധ്യനിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് മക്കല്ലം, റസലിനെ കളിപ്പിക്കാതിരുന്നതില്‍ വിശദീകരണം ഇങ്ങനെ 

'ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പ് വളരെ നന്നായി കളിച്ചു. ഞങ്ങള്‍ നന്നായി ഫീല്‍ഡ് ചെയ്തു'
മധ്യനിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് മക്കല്ലം, റസലിനെ കളിപ്പിക്കാതിരുന്നതില്‍ വിശദീകരണം ഇങ്ങനെ 

ദുബായ്: ഏറെ മികച്ച് നിന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ തങ്ങളേക്കാള്‍ കൂടുതല്‍ നന്നായി കളിച്ചെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. എന്നാല്‍ തോല്‍വിയില്‍ കൊല്‍ക്കത്തയുടെ മധ്യനിരയേയും മക്കല്ലം വിമര്‍ശിച്ചു. 

വിജയ ലക്ഷ്യത്തിന് അരികെ വീണു എന്നത് നാണക്കേടാണ്. ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പ് വളരെ നന്നായി കളിച്ചു. ഞങ്ങള്‍ നന്നായി ഫീല്‍ഡ് ചെയ്തു. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങും വളരെ മികച്ചതായിരുന്നു. എന്നാല്‍ മധ്യനിര താരങ്ങള്‍ക്ക് അവരുടെ പ്രഭാവത്തിനൊത്ത് ഉയരാനായില്ല. ഒരുപാട് പരിചയസമ്പത്തുള്ള കളിക്കാരാണ്. എന്നാല്‍ മികച്ച ടൂര്‍ണമെന്റ് അല്ല അവര്‍ക്ക് ലഭിച്ചത്. അങ്ങനേയും സംഭവിക്കും, മക്കല്ലം പറഞ്ഞു. 

റസലിന് ഐപിഎല്‍ ഫൈനല്‍ നഷ്ടമായതിന്റെ കാരണം

എന്തുകൊണ്ട് റസല്‍ ഫൈനലില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല എന്നതിനെ കുറിച്ചും മക്കല്ലം പ്രതികരിച്ചു. മാച്ച് ഫിറ്റ്‌നസ് നേടിയെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്തിരുന്നു. അതിശയിപ്പിക്കും വിധം കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ല. പരിക്കിന്റെ പിടിയില്‍ തന്നെയാണ് റസല്‍ ഇപ്പോഴും. ഫൈനലില്‍ പരിക്കുമായി ഒരു താരത്തെ ഇറക്കി റിസ്‌ക് എടുക്കാനാവില്ലെന്നും മക്കല്ലം പറഞ്ഞു. 

ടോസ് നേടിയ കൊല്‍ക്കത്ത ദുബായില്‍ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ സുനില്‍ നരെയ്ന്‍ 32 റണ്‍സ് എടുത്ത ഋതുരാജിനെ മടക്കി. എന്നാല്‍ ഡുപ്ലസിസിനൊപ്പം ചേര്‍ന്ന ഉത്തപ്പ 15 പന്തില്‍ നിന്ന് 31 റണ്‍സ് നേടി സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കി. 

59 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് സിക്‌സും പറത്തി 86 റണ്‍സോടെ ഡുപ്ലസിസ് നിന്നതോടെ ചെന്നൈയുടെ സ്‌കോര്‍ 200ന് അടുത്തെത്തി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ കൊല്‍ക്കത്ത അനായാസം ജയം തൊടുമെന്ന് തോന്നിച്ചു. 91 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. എന്നാല്‍ പിന്നെ വിക്കറ്റുകള്‍ തുടരെ വീണതോടെ കരകയറാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com