ഭുവനേശ്വര്‍ കുമാറിന്റെ ഫോം ഇന്ത്യക്ക് തലവേദനയോ? കോഹ്‌ലിയുടെ  പ്രതികരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 02:24 PM  |  

Last Updated: 17th October 2021 02:24 PM  |   A+A-   |  

bhuvikumar

ഭുവനേശ്വർ കുമാർ/ഫയൽ ചിത്രം

 

ദുബായ്: ഭുവനേശ്വര്‍ കുമാറിന്റെ ഫോമിലേക്ക് ചൂണ്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ്‌ലിയുടെ മറുപടി. ഭുവിയുടെ ഫോമില്‍ ഒരു ആശങ്കയും ഇല്ലെന്നാണ് കോഹ് ലി പ്രതികരിച്ചത്. 

ഇപ്പോഴും ഭുവിയുടെ ഇക്കണോമി റേറ്റ് വളരെ മികച്ചതാണ്. ഇക്കണോമി റേറ്റ് കുറച്ച് നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് എല്ലായ്‌പ്പോഴും ഭുവിയുടെ പ്രത്യേകത. സമ്മര്‍ദ ഘട്ടങ്ങളില്‍ ഭുവിയുടെ പരിചയസമ്പത്തും ഗുണം ചെയ്യുമെന്നും കോഹ് ലി പറഞ്ഞു. 

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിയിലെ ഭുവിയുടെ അവസാന ഓവറും കോഹ്‌ലി ചൂണ്ടിക്കാണിക്കുന്നു. ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സ്. എന്നിട്ടും ആധിപത്യം കാണിക്കാന്‍ ഭുവിക്ക് കഴിഞ്ഞതായി കോഹ്‌ലി പറയുന്നു.

ഹൈദരാബാദിന് എതിരെ അവിടെ അവസാന ഓവറില്‍ 13 റണ്‍സ് ആണ് ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വിജയത്തിലേക്ക് ബാംഗ്ലൂരിനെ എത്തിക്കാന്‍ ഡിവില്ലിയേഴ്‌സിനെ ഭുവി അനുവദിച്ചില്ല. 

ഈ കളിയില്‍ ഭുവിയുടെ പരിചയസമ്പത്തിന്റെ കരുത്താണ് കാണാനാവുന്നത്. ഫീല്‍ഡിന്റെ ഡൈമെന്‍ഷന്‍ അനുസരിച്ച് ഏത് ഏരിയയിലേക്കാണ് എറിയേണ്ടത് എന്നും ഏത് സമയത്ത് ഏത് ഡെലിവറി എറിയണം എന്നെല്ലാം ഭുവിക്ക് നന്നായി അറിയാം. ലെങ്ത്തില്‍ സ്ഥിരതയോടെ എറിയാനാവും. ട്വന്റി20 ക്രിക്കറ്റില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല, കോഹ് ലി പറഞ്ഞു. 

ഐപിഎല്ലിലെ ഈ സീസണില്‍ 6 വിക്കറ്റ് മാത്രമാണ് ഭുവിക്ക് വീഴ്ത്താനായത്. ഇക്കണോമി 7.97. ഇത് ഐപിഎല്ലിലെ ഭുവിയുടെ ഏറ്റവും മോശം ഇക്കണോമി റേറ്റ് ആണ്. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഭുവിക്ക് തിളങ്ങനാവും എന്ന പ്രതീക്ഷയിലാണ് ആരാധകരും ടീമും.