ബൗള്‍ ചെയ്യാതെ ഹര്‍ദിക്, താളം പിഴച്ച് ഭുവനേശ്വര്‍ കുമാര്‍; സന്നാഹ മത്സരം കഴിയുമ്പോള്‍ മുന്‍പില്‍ രണ്ട് ആശങ്കകള്‍ 

ട്വന്റി20 ലോകകപ്പിലെ ആദ്യ സന്നാഹ മത്സരം കഴിയുമ്പോള്‍ ഇന്ത്യക്ക് മുന്‍പില്‍ വരുന്നത് രണ്ട് ആശങ്കകളാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിലെ ആദ്യ സന്നാഹ മത്സരം കഴിയുമ്പോള്‍ ഇന്ത്യക്ക് മുന്‍പില്‍ വരുന്നത് രണ്ട് ആശങ്കകളാണ്. ഭുവനേശ്വര്‍ കുമാറിന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും ഫോം. 

നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ഭുവിക്ക് വിക്കറ്റ് ഒന്നും വീഴ്ത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഡെത്ത് ഓവറുകളില്‍ 10 പന്തില്‍ നിന്ന് ഹര്‍ദിക് 12 റണ്‍സ് നേടിയെങ്കിലും കണക്ട് ചെയ്യാന്‍ പ്രയാസപ്പെടുകയായിരുന്നു ഹര്‍ദിക്. സ്‌ട്രൈക്ക് കൈമാറാനും ഹര്‍ദിക്കിന് ഇവിടെ പ്രയാസമായിരുന്നു. 

സന്നാഹ മത്സരത്തിലും ബൗള്‍ ചെയ്യാതെ ഹര്‍ദിക് പാണ്ഡ്യ 

സന്നാഹ മത്സരത്തിലും ഹര്‍ദിക് പന്തെറിഞ്ഞില്ല. ഇതോടെ ഫിനിഷര്‍ എന്ന റോളില്‍ ഹര്‍ദിക്കിനെ പരിഗണിക്കുമ്പോള്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവും. ഐപിഎല്ലിലും ബാറ്റിങ്ങില്‍ ഹര്‍ദിക്കില്‍ നിന്ന് മികച്ച പ്രകടനം വന്നില്ല. 12 കളിയില്‍ നിന്ന് നേടിയത് 127 റണ്‍സ്. 

ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ 6 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. സന്നാഹ മത്സരത്തിലും താളം വീണ്ടെടുക്കാന്‍ ഭുവിക്ക് കഴിഞ്ഞില്ല. ഇതോടെ അടുത്ത സന്നാഹ മത്സരത്തില്‍ ഇന്ത്യ ശര്‍ദുള്‍ താക്കൂറിന് അവസരം നല്‍കിയേക്കാനും സാധ്യതയുണ്ട്. 

ഭുവനേശ്വര്‍ കുമാറിന് കോഹ്‌ലിയുടെ പിന്തുണ

സന്നാഹ മത്സരത്തിന് മുന്‍പ് ഭുവനേശ്വര്‍ കുമാറിന്റെ ഫോമിലേക്ക് ചൂണ്ടി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കോഹ് ലി തള്ളിയിരുന്നു. ഭുവിയുടെ പരിചയസമ്പത്ത് പകരം വയ്ക്കാനില്ലാത്തതാണ് എന്നാണ് കോഹ് ലി ചൂണ്ടിക്കാണിച്ചത്. 

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിയിലെ ഭുവിയുടെ അവസാന ഓവറും കോഹ്‌ലി ചൂണ്ടിക്കാണിക്കുന്നു. ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സ്. എന്നിട്ടും ആധിപത്യം കാണിക്കാന്‍ ഭുവിക്ക് കഴിഞ്ഞതായി കോഹ്‌ലി പറയുന്നു.

ഹൈദരാബാദിന് എതിരെ അവിടെ അവസാന ഓവറില്‍ 13 റണ്‍സ് ആണ് ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വിജയത്തിലേക്ക് ബാംഗ്ലൂരിനെ എത്തിക്കാന്‍ ഡിവില്ലിയേഴ്‌സിനെ ഭുവി അനുവദിച്ചില്ല.

ഈ കളിയില്‍ ഭുവിയുടെ പരിചയസമ്പത്തിന്റെ കരുത്താണ് കാണാനാവുന്നത്. ഫീല്‍ഡിന്റെ ഡൈമെന്‍ഷന്‍ അനുസരിച്ച് ഏത് ഏരിയയിലേക്കാണ് എറിയേണ്ടത് എന്നും ഏത് സമയത്ത് ഏത് ഡെലിവറി എറിയണം എന്നെല്ലാം ഭുവിക്ക് നന്നായി അറിയാം. ലെങ്ത്തില്‍ സ്ഥിരതയോടെ എറിയാനാവും. ട്വന്റി20 ക്രിക്കറ്റില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല, കോഹ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com