ഇരട്ട ഗോളുമായി മെസിയും സലയും; ചാമ്പ്യന്‍സ് ലീഗില്‍ ഭീഷണി അതിജീവിച്ച് പിഎസ്ജിയും ലിവര്‍പൂളും

ചാമ്പ്യന്‍സ് ലീഗിലെ എട്ട് ഗ്രൂപ്പ് മത്സരങ്ങളിലായി 35 ഗോളുകളാണ് കഴിഞ്ഞ രാത്രി പിറന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെസിയുടേയും സലയുടേയും ഇരട്ട ഗോള്‍ ബലത്തില്‍ പിഎസ്ജിക്കും ലിവര്‍പൂളിനും ചാമ്പ്യന്‍സ് ലീഗില്‍ ജയം. ചാമ്പ്യന്‍സ് ലീഗിലെ എട്ട് ഗ്രൂപ്പ് മത്സരങ്ങളിലായി 35 ഗോളുകളാണ് കഴിഞ്ഞ രാത്രി പിറന്നത്. 

ലെയ്പ്‌സിഗിന് എതിരെ എംബാപ്പെ 9ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. എന്നാല്‍ 28ാം മിനിറ്റിലും 57ാം മിനിറ്റിലും ലെയ്പ്‌സിഗ് ഗോള്‍ നേടി പിഎസ്ജിയെ സമ്മര്‍ദത്തിലാക്കി. 1-2ന് പിന്നിട്ട് നിന്ന പിഎസ്ജിയെ 67ാം മിനിറ്റിലെ ഗോളിലൂടെ മെസി ഒപ്പം എത്തിച്ചു. 74ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയം ഉറപ്പിച്ച് മെസിയുടെ പെനാല്‍റ്റി ഗോളും. 

അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. എങ്കിലും ജയം പിടിച്ചതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായി പിഎസ്ജി ഒന്നാമത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് മുകളിലാണ് പിഎസ്ജി ഇപ്പോള്‍. 

റെക്കോര്‍ഡുകള്‍ തിരുത്തി മുഹമ്മദ് സല 

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ കളിയിലും മുഹമ്മദ് സല റെക്കോര്‍ഡുകല്‍ തിരുത്തി. 3-2ന് അത്‌ലറ്റിക്കോയ്ക്ക് എതിരെ ക്ലോപ്പിന്റെ സംഘം ജയിച്ചപ്പോള്‍ രണ്ട് വട്ടവും വല കുലുക്കിയത് സല ആണ്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായി സല. 

ചാമ്പ്യന്‍സ് ലീഗിലെ 31ാം ഗോളാണ് സല ഇവിടെ നേടിയത്. 30 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയ സ്റ്റീവന്‍ ജെറാര്‍ഡിനെയാണ് സല ഇവിടെ മറികടന്നത്. എല്ലാ ടൂര്‍ണമെന്റിലുമായി തുടരെ 9ാമത്തെ കളിയിലും ഗോള്‍ വല കുലുക്കി സല ക്ലബ് റെക്കോര്‍ഡുമിടുന്നു. 

ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങി ഗ്രീസ്മാന്‍

ലിവര്‍പൂള്‍-അത്‌ലറ്റിക്കോ പോരില്‍ 8ാം മിനിറ്റില്‍ സലയാണ് ഗോള്‍ വല കുലുക്കി തുടങ്ങിയത്. 13ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി നബി കീറ്റ റെഡ്‌സിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ 20, 34 മിനിറ്റുകളില്‍ ഗ്രീസ്മാന്‍ ഗോള്‍ വല കുലുക്കി അത്‌ലറ്റിക്കോ മാഡ്രിഡിനായി സമനില പിടിച്ചുപക്ഷേ 52ാം മിനിറ്റില്‍ ഗ്രീസമാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ ലിവര്‍പൂള്‍ അവസരം മുതലെടുത്തു. 78ാം മിനിറ്റില്‍ സലയുടെ പെനാല്‍റ്റി ഗോളോടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com