ബാറ്റിങിലും ബൗളിങിലും തിളങ്ങി ഷാകിബ്; ബം​ഗ്ലാദേശ് സൂപ്പർ 12ൽ

ബാറ്റിങിലും ബൗളിങിലും തിളങ്ങി ഷാകിബ്; ബം​ഗ്ലാദേശ് സൂപ്പർ 12ൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒമാൻ: പപ്പുവ ന്യൂ ഗ്വിനിയയെ കീഴടക്കി ബം​ഗ്ലാദേശ് ടി20 ലോകകപ്പിന്റെ സൂപ്പർ 12ൽ. ഷാകിബ് അൽ ഹസന്റെ ഓൾറൗണ്ട് മികവാണ് ബം​ഗ്ലാദേശിന് അനായാസ വിജയമൊരുക്കിയത്. 84 റൺസിന്റെ കൂറ്റൻ വിജയമാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തപ്പോൾ പപ്പുവ ന്യൂ ​ഗ്വിനിയയുടെ പോരാട്ടം 19.3 ഓവറിൽ വെറും 97 റൺസിൽ അവസാനിച്ചു.

ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെതിരേ ബംഗ്ലാദേശ് തോറ്റിരുന്നു. എന്നാൽ ഒമാനേയും പാപ്പുവ ന്യൂ ​ഗ്വിനിയയേയും തോൽപ്പിച്ചത് സൂപ്പർ 12ലേക്ക് യോഗ്യത സ്വന്തമാക്കിയത്. നിലവിൽ നാല് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് ബം​ഗ്ലാദേശ്.

ഒറ്റയ്ക്ക് പൊരുതി കിപ്ലിൻ

എട്ടാമനായി ക്രീസിലെത്തിയ കിപ്ലിൻ ഡോറിഗ പപ്പുവ ന്യൂ ​ഗ്വിനിയക്കായി ഒറ്റയാൾ പോരാട്ടം നടത്തി. 34 പന്തിൽ രണ്ട് വീതം ഫോറും സിക്‌സും സഹിതം 46 റൺസെടുത്ത് കിപ്ലിൻ പുറത്താകാതെ നിന്നു. എന്നാൽ പിന്തുണ നൽകാൻ ആരുമുണ്ടായില്ല. കാദ് സോപെർ 11 റൺസെടുത്തു. ശേഷിക്കുന്ന ഒൻപത് പേരും രണ്ടക്കം കാണാതെ പുറത്തായി. 

ഷാകിബ് അൽ ഹസന്റെ ബൗളിങ്ങിന് മുന്നിൽ പാപ്പുവ ന്യൂ ​ഗ്വിനിയ തകർന്നടിയുകയായിരുന്നു. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി ഷാകിബ് നാല് വിക്കറ്റാണ് വീഴ്ത്തിയത്. തസ്‌കിൻ അഹമ്മദും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വിക്കറ്റ് വീതം നേടി. മെഹ്ദി ഹസൻ ഒരു വിക്കറ്റ് വീഴ്ത്തി. 

കരുത്തായത് മഹ്മൂദുല്ലയുടെ അർധ സെഞ്ച്വറി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശിനായി അർധ സെഞ്ച്വറി നേടിയ മഹ്മൂദുല്ലയും 46 റൺസെടുത്ത ഷകിബ് അൽ ഹസനുമാണ് ബംഗ്ലാദേശിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 28 പന്തിൽ മൂന്ന് വീതം ഫോറും സിക്‌സും സഹിതമാണ് മഹ്മൂദുല്ല 50 റൺസ് കണ്ടെത്തിയത്. 37 പന്തുകൾ നേരിട്ട് മൂന്ന് സിക്സുകൾ സഹിതമാണ് ഷാകിബ് 46 റൺസ് അടിച്ചെടുത്തത്. ലിറ്റൺ ദാസ് 29 റൺസും ആഫിഫ് ഹുസൈൻ 21 റൺസും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com