മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് ഐപിഎല്‍ ടീമിനെ സ്വന്തമാക്കുന്നു? ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോര്‍ട്ട്‌

പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ഐപിഎല്‍ സീസണില്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി വരും. ഇതില്‍ ഒരു ടീമിനെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് മുന്‍പോട്ട് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിനുള്ള ടെന്‍ഡര്‍ ഗ്ലേസര്‍ ഫാമിലി വാങ്ങിയതായാണ് സൂചന. വിദേശ കമ്പനികള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടാകണം. എന്നാല്‍ വിദേശ കമ്പനി ബിസിസിഐയുടെ ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ട് അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ടെന്‍ഡര്‍ ഡോക്യുമെന്റിലൂടെ എന്താണ് ബിസിസിഐ അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് എന്ന് അവര്‍ക്ക് മനസിലാക്കാനാവും. ഡിസ്‌നി ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയാല്‍ അത് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വാങ്ങിയത് എന്ന് അര്‍ഥമില്ല. മിഡിയ റൈറ്റ്‌സ് മേഖലയിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കൂടിയാവും ഇത് എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിക്കായി ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയവര്‍ 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കൂടാതെ യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ടാമ്പ ബേയും ഗ്ലേസേഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. അദാനി ഗ്രൂപ്പ്, ടൊറന്റ് ഫാര്‍മ, ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവരാണ് പുതിയ ഫ്രൈഞ്ചൈസികള്‍ക്കുള്ള ബിസിസിഐ ടെന്‍ഡര്‍ വാങ്ങിയ പ്രമുഖര്‍. 

ഐടിടി ടെന്‍ഡര്‍ വാങ്ങുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 20 ആയിരുന്നു. അഹമ്മദാബാദ്, ലക്‌നൗ, ഗുവാഹട്ടി, കട്ടക്ക്, ഇന്‍ഡോര്‍,ധരംശാല എന്നീ നഗരങ്ങളുടെ പേരാണ് പുതിയ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. 10 ടീമുകളാണ് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഉണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com