ഈ മൂന്ന് ടീമുകള്‍ ഇന്ത്യക്ക് ഭീഷണി, ഓപ്പണര്‍ മുതല്‍ പത്താമന്‍ വരെ തകര്‍ത്തടിക്കും: സുരേഷ് റെയ്‌ന

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ പോകുന്ന ടീമിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി മുന്‍ താരം സുരേഷ് റെയ്‌ന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ പോകുന്ന ടീമിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി മുന്‍ താരം സുരേഷ് റെയ്‌ന. വെസ്റ്റ് ഇന്‍ഡീസ് ടീമാണ് ഇന്ത്യക്ക് വലിയ ഭീഷണി തീര്‍ക്കുക എന്ന് സുരേഷ് റെയ്‌ന പറയുന്നത്. 

നിര്‍ഭയമായാണ് അവര്‍ കളിക്കാന്‍ പോകുന്നത്. ഇന്ത്യക്ക് പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തേണ്ടതുണ്ട് വിന്‍ഡിസിന് എതിരെ കളിക്കുമ്പോള്‍. ഒന്നാമത്തെ ബാറ്റ്‌സ്മാന്‍ മുതല്‍ പത്താമത് ഇറങ്ങുന്നയാള്‍ വരെ ബാറ്റ് ചെയ്യാന്‍ പ്രാപ്തരാണ് വിന്‍ഡിസ് നിരയില്‍. കൂറ്റനടിക്കാരും അവര്‍ക്കുണ്ട്, റെയ്‌ന ചൂണ്ടിക്കാണിച്ചു. 

പിന്നെ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക പോലുള്ള ടീമുകളുമുണ്ട്. അവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ഈ വര്‍ഷം ആദ്യം ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചിരുന്നു. അവരുടെ സ്‌ക്വാഡിനെ കുറിച്ച് നമുക്ക് വലിയ ധാരണയുമില്ല. ഇതിലൂടെ ശ്രീലങ്ക, അഫ്ഗാന്‍ പോലുള്ള ടീമുകളും ഇന്ത്യക്ക് ഭീഷണിയാവുന്നു. 

ഓരോ മത്സരം വീതം മുന്‍പില്‍ കണ്ടാണ് ഇന്ത്യ മുന്‍പോട്ട് പോകേണ്ടത്. പോസിറ്റീവ് മനസോടെയാണ് ഇറങ്ങേണ്ടത്. ഒരു സമയം ഒരു മത്സരം എന്ന നിലയിലാവണം ചിന്തിക്കേണ്ടത് എന്നും റെയ്‌ന പറഞ്ഞു. ജൂലൈയില്‍ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചിരുന്നു. 

ഇന്ത്യയുടെ ബി ടീമിനെ തോല്‍പ്പിച്ച ശ്രീലങ്ക 
 

ബി ടീമിനെയാണ് ലങ്കയിലേക്ക് ഇന്ത്യ അയച്ചിരുന്നത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയുടെ പ്രധാന സംഘം ലണ്ടനിലായിരുന്നു. ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്ലേയിങ് ഇലവനെ കണ്ടെത്താന്‍ വരെ ഇന്ത്യ ഇവിടെ പ്രയാസപ്പെട്ടു. 

ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. 2016ലെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് വിന്‍ഡിസ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അവര്‍ കിരീടവും ചൂടി. 2021ലെ ട്വന്റി20 ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്കെതിരെ പരമ്പര പിടിച്ചാണ് വിന്‍ഡിസ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com