ആസിഫ് അലി, ഖുഷ്ദില്‍ ഷാ ടീമില്‍; ഫഖര്‍ സമാന്‍, സര്‍ഫ്രാസ് അഹമ്മദ് പുറത്ത്; ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ആസിഫ് അലി, ഖുഷ്ദില്‍ ഷാ ടീമില്‍; ഫഖര്‍ സമാന്‍, സര്‍ഫ്രാസ് അഹമ്മദ് പുറത്ത്; ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ ആസിഫ് അലി, ഖുഷ്ദില്‍ ഷാ എന്നിവരെ തിരികെ വിളിച്ചു. പരിചയ സമ്പന്നരായ ഫഖര്‍ സമാന്‍, സര്‍ഫ്രാസ് അഹമ്മദ് എന്നിവര്‍ക്ക് സ്ഥാനമില്ല എന്നതാണ് ടീം പ്രഖ്യാപനത്തിലെ സവിശേഷത. ഇരുവര്‍ക്കുമൊപ്പം വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ കളിച്ച അര്‍ഷാദ് ഇഖ്ബാല്‍, ഫഹീം അഷ്‌റഫ്, ഷര്‍ജീല്‍ ഖാന്‍, ഉസ്മാന്‍ ഖാദിര്‍ എന്നിവരേയും ടീമില്‍ നിന്ന് ഒഴിവാക്കി. 

ബാബര്‍ അസമാണ് ടീമിനെ നയിക്കുന്നത്. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍, രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍, നാല് ഫാസ്റ്റ് ബൗളര്‍മാര്‍ എന്ന രീതിയിലാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഒക്ടോബര്‍ 17നാണ് ലോകകപ്പിന് തുടക്കമാകുന്നത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ ഒക്ടോബര്‍ 24ന് ഇന്ത്യയുമായുള്ള ആദ്യ മത്സരത്തോടെയാണ് പാകിസ്ഥാന്റെ പോരാട്ടം ആരംഭിക്കുന്നത്. ടി20 ലോകകപ്പിന് മുന്‍പ് ടീം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ടി20 പോരാട്ടം കളിക്കുന്നുണ്ട്. 

ആസിഫ് അലി, ഖുഷ്ദില്‍ ഷാ എന്നിവരുടെ സമീപകാലത്തെ പ്രകടനം കണ്ടാല്‍ മികച്ചതാണെന്ന് തോന്നില്ല. പക്ഷേ അവരുടെ കഴിവ് പലവട്ടം തെളിയിക്കപ്പെട്ടതാണ്. ഇരുവരും ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരാണ്. നിലവില്‍ പാക് ടീമിന്റെ മധ്യനിര നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇരുവരുമാണ് ഉചിതമായ ഉത്തരങ്ങളെന്നും മികച്ച പ്രകടനത്തിലൂടെ താരങ്ങള്‍ അത് അടിവരയിടുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യ സെലക്ടര്‍ മുഹമ്മദ് വാസിം വ്യക്തമാക്കി. 

പാക് ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമദ് വാസിം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹീന്‍ ഷാ അഫ്രീദി, ഷൊയ്ബ് മഖ്‌സൂദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com