ആഞ്ഞടിച്ച് ബൂംറയും ജഡേജയും ; ഇംഗ്ലണ്ടിന് ആറു വിക്കറ്റുകള്‍ നഷ്ടമായി ; നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി
ചിത്രം : പിടിഐ
ചിത്രം : പിടിഐ


ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് 150 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടു വീതം വിക്കറ്റുകളെടുത്ത ജസ്പ്രീത് ബൂംറയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. നാലു വിക്കറ്റുകള്‍ ശേഷിക്കെ ആതിഥേയര്‍ക്ക് വിജയിക്കാന്‍ ഇനി വേണ്ടത് 208 റണ്‍സ് കൂടി വേണം. 

വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറി (50) തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയ ഡേവിഡ് മാലനും അധികം ആയുസുണ്ടായില്ല. താരം അഞ്ച് റണ്‍സുമായി റണ്ണൗട്ടായി. 

63 റണ്‍സെടുത്ത ഓപ്പണര്‍ ഹസീബ് ഹമീദിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ  ആതിഥേയരെ വീണ്ടും ഞെട്ടിച്ചു. രണ്ടു റണ്‍സെടുത്ത ഒലി പോപ്പിനെയും റണ്‍സൊന്നുമെടുക്കാതെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോവിനെയും ബൂംറ മടക്കി. ഇരുവരും ബൗള്‍ഡാകുകയായിരുന്നു. പിന്നാലെയെത്തിയ മൊയീന്‍ അലിയെ പകരക്കാരന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച് ജഡേജ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷയേകി. 

ക്യാപ്റ്റന്‍ ജോ റൂട്ട് 27 റണ്‍സുമായി ക്രീസിലുണ്ട്. മൂന്നു റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഒപ്പമുള്ളത്. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 466 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ഉമേഷ് യാദവ്, ബുമ്‌റ എന്നിവരും മികച്ച സംഭാവന നല്‍കിയതോടെയാണ് ഇന്ത്യ ലീഡ് 350 കടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com