ബേണ്‍സിനെ മടക്കി ശാര്‍ദുലിന്റെ ബ്രേക്ക് ത്രൂ; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; നാലാം ടെസ്റ്റ് ആവേശകരം

ബേണ്‍സിനെ മടക്കി ശാര്‍ദുലിന്റെ ബ്രേക്ക് ത്രൂ; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; നാലാം ടെസ്റ്റ് ആവേശകരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് അവസാന ദിവസത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍. എട്ട് വിക്കറ്റുകള്‍ ശേഷിക്കേ ആതിഥേയര്‍ക്ക് വിജയിക്കാന്‍ ഇനി വേണ്ടത് 241 റണ്‍സ് കൂടി. 

വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറി (50) തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയ ഡേവിഡ് മാലനും അധികം ആയുസുണ്ടായില്ല. താരം അഞ്ച് റണ്‍സുമായി റണ്ണൗട്ടായി. പകരക്കാരനായി ഇറങ്ങിയ മായങ്ക് അഗര്‍വാളിന്റെ ഇടപെടലാണ് റണ്ണൗട്ടില്‍ കലാശിച്ചത്. 

നിലവില്‍ ഒരറ്റത്ത് 61 റണ്‍സുമായി ഹസീബ് ഹമീദ് ബാറ്റേന്തുന്നു. ക്യാപ്റ്റൻ ജോ റൂട്ട് ആറ് റൺസുമായി ഒപ്പമുണ്ട്. 

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 466 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ഉമേഷ് യാദവ്, ബുമ്റ എന്നിവരും മികച്ച സംഭാവന നല്‍കിയതോടെയാണ് ഇന്ത്യ ലീഡ് 350 കടത്തിയത്. 

ഉമേഷ് 23 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 25 റണ്‍സെടുത്തു. ബുമ്റ 24 റണ്‍സും കണ്ടെത്തി. ഇതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 466ലേക്ക് കുതിച്ചത്. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങിയ ശാര്‍ദുല്‍ ഠാക്കൂര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടിയതും ഇന്ത്യയ്ക്ക് കരുത്തായി. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 72 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും ഒരു സിക്സും സഹിതം 60 റണ്‍സുമായി ശാര്‍ദുല്‍ പുറത്തായി. പിന്നാലെ റഷഭ് പന്തും അര്‍ധ ശതകം പിന്നിട്ടു. 

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 191 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 290 റണ്‍സ് നേടി നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. 

നേരത്തെ രോഹിത് ശര്‍മ നേടിയ (127) സെഞ്ച്വറിയും ചേതേശ്വര്‍ പൂജാര നടത്തിയ ചെറുത്തു (61) നില്‍പ്പുമാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (44) മികച്ച ബാറ്റിങ് പുറത്തെടുത്തു. 

അജിന്‍ക്യ രഹാനെ അതേസമയം നിരാശപ്പെടുത്തി. താരം സംപൂജ്യനായി മടങ്ങി. ജഡേജ 17 റണ്‍സുമായി മടങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത്- ശാര്‍ദുല്‍ സഖ്യം ഇന്ത്യക്ക് കരുത്തായി മാറുന്ന കാഴ്ചയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com