പോളണ്ട് 7, ജർമനി 6, സ്പെയിൻ, ഇം​ഗ്ലണ്ട്, ഹോളണ്ട് 4, ബെൽജിയം 3; യൂറോപ്പിൽ ​ഗോളടി മേളം; സമനിലയിൽ കുരുങ്ങി ഇറ്റലി, ഫ്രാൻസ്

പോളണ്ട് 7, ജർമനി 6, സ്പെയിൻ, ഇം​ഗ്ലണ്ട് 4, ബെൽജിയം 3; യൂറോപ്പിൽ ​ഗോളടി മേളം; സമനിലയിൽ കുരുങ്ങി ഇറ്റലി, ഫ്രാൻസ്
ഇരട്ട ​ഗോൾ നേടിയ ജർമനിയുടെ സർജി ​ഗ്നാബ്രി/ ട്വിറ്റർ
ഇരട്ട ​ഗോൾ നേടിയ ജർമനിയുടെ സർജി ​ഗ്നാബ്രി/ ട്വിറ്റർ

ബെർലിൻ: ലോകകപ്പ് യോ​ഗ്യതാ യൂറോപ്യൻ മേഖലാ പോരാട്ടത്തിൽ വമ്പൻ ജയവുമായി പോളണ്ട്, ജർമനി, സ്പെയിൻ, ഇം​ഗ്ലണ്ട്, ഹോളണ്ട് ടീമുകൾ. ബെൽജിയവും വിജയം സ്വന്തമാക്കിയപ്പോൾ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി, ലോക ജേതാക്കളായ ഫ്രാൻസ് എന്നിവർക്ക് സമനിലപ്പൂട്ട്. 

പോളണ്ട് ഒന്നിനെതിരെ ഏഴ് ​ഗോളുകൾക്ക് സാൻ മരിനോയെ തകർത്തപ്പോൾ ജർമനി മറുപടിയില്ലാത്ത ആറ് ​ഗോളുകൾക്ക് അർമേനിയയെ വീഴ്ത്തി. സ്പെയിൻ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്ക് ജോർജിയയേയും ഇം​ഗ്ലണ്ട് ഇതേ സ്കോറിന് അണ്ടോറയേയും പരാജയപ്പെടുത്തി. ഹോളണ്ടും മറുപടിയില്ലാത്ത നാല് ​ഗോളുകൾ എതിർ വലയിൽ നിറച്ചാണ് ജയം ആഘോഷിച്ചത്. ഓറഞ്ച് പട മോണ്ടനെ​ഗ്രോയെയാണ് വീഴ്ത്തിയത്. ബെൽജിയം മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. ഇറ്റലിയെ സ്വിറ്റ്സർലൻഡ് ​ഗോൾരഹിത സമനിലയിൽ തളച്ചു. ഫ്രാൻസിനെ ഉക്രൈൻ 1-1ന് സമനിലയിൽ കുരുക്കി. 

ആ​ദം ബുക്സയുടെ ഹാട്രിക്ക് ​ഗോളുകളും ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്കിയുടെ ഇരട്ട ​ഗോളുകളുമാണ് സാൻ മരിനോയ്ക്കെതിരെ പോളണ്ടിന് വമ്പൻ ജയം ഒരുക്കിയത്. കളിയുടെ നാലാം മിനിറ്റിൽ തന്നെ ലെവൻഡോസ്കിയിലൂടെ പോളണ്ട് ലീഡെടുത്തു. കരോൾ സ്വിഡ്റസ്കി, കരോൾ ലിനറ്റി എന്നിവരാണ് മറ്റു പോളിഷ് ഗോളുകൾ നേടിയത്. നാലാം മിനിറ്റിൽ ഗോൾ വേട്ട ആരംഭിച്ച പോളണ്ട് 94ാം മിനിറ്റിൽ ആണ് അത് അവസാനിപ്പിച്ചത്. 

അർമേനിയയെ ഗോൾ മഴയിൽ മുക്കിയാണ് ജർമ്മനി ഹോം പോരാട്ടത്തിൽ തകർപ്പൻ ജയം പിടിച്ചത്. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിലെ ആദ്യ ഹോം പോരാട്ടം തന്നെ ജർമനി അവിസ്മരണീയമാക്കി. സെർജ് ഗനാബ്രി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിലാണ് ജർമൻ ജയം. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബയേൺ സഹ താരം ​ഗൊരറ്റ്സ്കെയുടെ പാസിൽ നിന്നു ഗനാബ്രി ഹൻസി ഫ്ലിക്കിന്റെ ടീമിന് മുൻതൂക്കം നൽകി. 15ാം മിനിറ്റിൽ മാർകോ റ്യൂസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഗനാബ്രി ജർമ്മൻ ലീഡ് ഉയർത്തി. 35ാം മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ നിന്നു മാർകോ റ്യൂസ് മൂന്നാം ഗോൾ കണ്ടത്തി. 44ാം മിനിറ്റിൽ ഇത്തവണ ഗൊരറ്റ്സ്‌കെയുടെ പാസിൽ നിന്നു ഗോൾ നേടിയ വെർണർ ജർമ്മൻ ഗോൾ നേട്ടം നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 52ാം മിനിറ്റിൽ യൊനാസ് ഹോഫ്മാൻ ജർമ്മനിക്ക് അഞ്ചാം ഗോൾ സമ്മാനിച്ചപ്പോൾ 91ാം മിനിറ്റിൽ റിറ്റ്സിന്റെ പാസിൽ നിന്നു സൂപ്പർ സബ് കരിം അദിയെമിയാണ് ജർമ്മൻ ജയം പൂർത്തിയാക്കി ആറാം ​ഗോൾ വലയിലാക്കിയത്. 

സ്‌പെയിൻ ദുർബലരായ ജോർജിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. 14ാം മിനിറ്റിൽ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ജോസെ ഗയയാണ് സ്പെയിനിന് ലീഡൊരുക്കിയത്. 25ാം മിനിറ്റിൽ കാർലോസ് സോളർ റീബൗണ്ട് അവസരം ലക്ഷ്യത്തിലെത്തിച്ച് സ്പാനിഷ് ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. 41ാം മിനിറ്റിൽ ഗോൾ കണ്ടത്തിയ ഫെരാൻ ടോറസ് ആദ്യ പകുതിയിൽ തന്നെ സ്പാനിഷ് ജയം ഉറപ്പിച്ചു. 63ാം മിനിറ്റിൽ പാബ്ലോ ഫോർനാൽസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പാബ്ലോ സറാബിയ ആണ് സ്പാനിഷ് ജയം പൂർത്തിയാക്കിയത്. 

ജെസെ ലിംഗാർഡിന്റെ ഇരട്ട ഗോളുകളും ഹാരി കെയ്ൻ, ബുകായോ സക എന്നിവർ നേടിയ ഗോളുകളുടെ ബലത്തിലാണ് ഇംഗ്ലണ്ടിന്റെ ജയം. 18, 78 മിനിറ്റുകളിലാണ് ലിംഗാർഡ് വല ചലിപ്പിച്ചത്. 72ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കിയാണ് ഹാരി കെയ്ൻ ലീഡ് ഉയർത്തിയത്. ബുകായോ സക 85ാം മിനിറ്റിൽ പന്ത് വലയിലാക്കി ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ചു.

ഹോളണ്ടിനായി മെംഫിസ് ഡിപെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോളുകള്‍ വിനാല്‍ഡം, കൊഡി ഗക്‌പോ എന്നിവരും സ്വന്തമാക്കി. 38ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി ഡിപെ ഹോളണ്ടിനെ മുന്നിലെത്തിച്ചു. ശേഷിച്ച മൂന്ന് ഗോളുകള്‍ രണ്ടാം പകുതിയിലാണ് പിറന്നത്. 62, 70, 78 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

മികച്ച ഫോമിലുള്ള ചെക് റിപ്പബ്ലിക്കിനെ തകർത്താണ് ബെൽജിയത്തിന്റെ മുന്നേറ്റം. രാജ്യത്തിനു ആയുള്ള തന്റെ നൂറാം മത്സരം ഗോളുമായി ആഘോഷിച്ച റോമലു ലുകാകു ബെൽജിയത്തിനായി കരിയറിലെ 67ാം ഗോൾ ആണ് കണ്ടത്തിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഹാൻസിന്റെ പാസിൽ നിന്നു ലുകാകു ഗോൾ കണ്ടത്തി. 41ാം മിനിറ്റിൽ ഈദൻ ഹസാദും 65ാം മിനിറ്റിൽ അലക്‌സിസ് സീൽമെകേഴ്‌സും ബെൽജിയത്തിനായി വല ചലിപ്പിച്ചു.

യൂറോ കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരം ആവർത്തിച്ചപ്പോൾ ജേതാക്കളായ ഇറ്റലിയെ ഗോൾ രഹിത സമനിലയിൽ തളച്ച് സ്വിറ്റ്സർലൻ‍ഡ്. പന്ത് കൈവശം വക്കുന്നതിൽ ഏതാണ്ട് സമാനത ഇരു ടീമുകളും പാലിച്ച മത്സരത്തിൽ ഇറ്റലിയാണ് കൂടുതൽ അവസരങ്ങൾ തുറന്നത്. ഇതിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയിൽ ബറാർഡിയെ റോഡ്രിഗസ് വീഴ്ത്തിയത്തിനു ഇറ്റലിക്ക് ലഭിച്ച പെനാൽറ്റി. എന്നാൽ പെനാൽറ്റി എടുത്ത ജോർജീന്യോയുടെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾ കീപ്പർ യാൻ സൊമ്മർ രക്ഷിച്ചു. ഇറ്റലി- സ്വിസ് യൂറോ പോരാട്ടത്തിൽ അവിശ്വസനീയ പ്രകടനം നടത്തിയ സൊമ്മർ ഇത്തവണയും സ്വിസ് ടീമിന്റെ രക്ഷകനായി. ലോകകപ്പ് യോഗ്യതയിൽ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഇറ്റലി സമനില വഴങ്ങുന്നത്. സമനിലയോടെ തുടർച്ചയായ 36 മത്സരങ്ങളിൽ പരാജയം അറിയാത്ത ഇറ്റലി ലോക റെക്കോർഡ് നേട്ടത്തിൽ ബ്രസീൽ, സ്പെയിൻ ടീമുകളെ പിന്തള്ളി.

മികോല ഷപരെങ്കോയിലൂടെ ആദ്യ പകുതിയിൽ ഫ്രാൻസിനെ ഞെട്ടിച്ചാണ് ഉക്രൈൻ മുന്നേറിയത്. രണ്ടാം പകുതിയിൽ ആന്റണി മാർഷ്യൽ ഫ്രാൻസിന് സമനില ഒരുക്കി. പിന്നീട് ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ സാധിച്ചില്ല. ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ ഉക്രൈൻ ഫലപ്രദമായി ചെറുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com