ലോകകപ്പ് മുന്നില്‍ നില്‍ക്കെ പാകിസ്ഥാന് വന്‍ തിരിച്ചടി; മിസ്ബ ഉള്‍ ഹഖും വഖാര്‍ യൂനിസും പരിശീലക സ്ഥാനം ഒഴിഞ്ഞു

ലോകകപ്പ് മുന്നില്‍ നില്‍ക്കെ പാകിസ്ഥാന് വന്‍ തിരിച്ചടി; മിസ്ബ ഉള്‍ ഹഖും വഖാര്‍ യൂനിസും പരിശീലക സ്ഥാനം ഒഴിഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പാകിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉള്‍ ഹഖ് രാജിവച്ചു. ബൗളിങ് പരിശീലക സ്ഥാനത്ത് നിന്ന് വഖാര്‍ യൂനിസും രാജി വച്ചിട്ടുണ്ട്. ഇന്നാണ് ഇരുവരും സ്ഥാനമൊഴിഞ്ഞ കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മുന്‍ താരങ്ങളായ അബ്ദുല്‍ റസാഖ്, സഖ്‌ലെയ്ന്‍ മുഷ്താഖ് എന്നിവരെ താത്കാലിക പരിശീലകരായി നിയമിച്ചു. 

മുന്‍ താരങ്ങളായ മിസബയും വഖാറും 2019ലാണ് പാക് പരിശീലകരായി സ്ഥാനമേല്‍ക്കുന്നത്. ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നാണ് മിസ്ബ മുഖ്യ പരിശീലകനായി സ്ഥാമേറ്റത്. വഖാര്‍ ഇത് മൂന്നാം തവണയാണ് പാക് ടീമിന്റെ കോച്ചാകുന്നത്. 

വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ക്വാറന്റൈനില്‍ ഇരുന്നപ്പോള്‍ കഴിഞ്ഞ 24 മാസമായി ക്രിക്കറ്റിന്റെ തിരക്കിട്ട ഷെഡ്യൂളിലൂടെയാണ് ജീവിതം മുന്നോട്ടു പോയത്. എന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നതായുള്ള അനുഭവമാണ്. അവര്‍ക്കൊപ്പം ഇനി കുറച്ച് സമയം ചിലവഴിക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഈ സ്ഥാനം രാജി വയ്ക്കുകയാണ്- പാക് ക്രിക്കറ്റ് ബോര്‍ഡിനെ മിസ്ബ അറിയിച്ചു. 

ഉചിതമായ സമയത്തല്ല എന്റെ ഈ തീരുമാനം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന മാനസിക അവസ്ഥയിലല്ല ഞാന്‍. അതിനാല്‍ പുതിയ ഒരാള്‍ വന്ന് ടീമിനെ നയിക്കുന്നതാവും ഉചിതം- മിസ്ബ വ്യക്തമാക്കി. 

മിസ്ബ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരുന്നതായി വഖാര്‍ പറയുന്നു. തങ്ങള്‍ ഒരുമിച്ചാണ് പരിശീലകരായി സ്ഥാനമേറ്റത്. അതിനാല്‍ തന്നെ ഇറങ്ങുന്നതും ഒരുമിച്ചാകട്ടെ എന്നു വിചാരിക്കുന്നു. അതിനാല്‍ താനും സ്ഥാനമൊഴിയുകയാണെന്ന് വഖാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com