'ശാര്‍ദുല്‍ ഠാക്കൂറും കളിയിലെ താരം; പുരസ്‌കാരത്തിന് അദ്ദേഹത്തിനും അര്‍ഹതയുണ്ട്'- രോഹിത് ശര്‍മ

'ശാര്‍ദുല്‍ ഠാക്കൂറും കളിയിലെ താരം; പുരസ്‌കാരത്തിന് അദ്ദേഹത്തിനും അര്‍ഹതയുണ്ട്'- രോഹിത് ശര്‍മ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചു വരവിലൂടെ ഇന്ത്യ തകര്‍പ്പന്‍ വിജയം പിടിച്ചപ്പോള്‍ സെഞ്ച്വറിയുമായി ടീമിനെ താങ്ങിയത് രോഹിത് ശര്‍മയായിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും രോഹിത് തന്നെ. തനിക്കൊപ്പം മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടാന്‍ ശാര്‍ദുല്‍ ഠാക്കൂറിനും അര്‍ഹതയുണ്ടെന്ന് പറയുകയാണ് രോഹിത് ശര്‍മ. 

നാലാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടുകയും പന്തെടുത്തപ്പോഴെല്ലാം വഴിത്തിരിവുകള്‍ തീര്‍ക്കുകയും ചെയ്ത് ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയാണ് ശാര്‍ദുല്‍ കളം നിറഞ്ഞത്. ഈ മികവ് ചൂണ്ടിയാണ് രോഹിത് തനിക്കൊപ്പം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് ശാര്‍ദുലിനും അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

'മത്സരം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ശാര്‍ദുല്‍ പുറത്തെടുത്തത്. സത്യസന്ധമായി പറഞ്ഞാല്‍ ശാര്‍ദുലും കളിയിലെ താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാണ്. അത്ര മികവോടെയാണ് അദ്ദേഹം കളിച്ചത്. ഉജ്ജ്വലമായ വഴിത്തിരിവുകളാണ് മത്സരത്തില്‍ അദ്ദേഹം തീര്‍ത്തത്. ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതടക്കമുള്ള നിര്‍ണായക ബ്രേക്ക് ത്രൂകളാണ് ശാര്‍ദുല്‍ മൈതാനത്ത് സൃഷ്ടിച്ചത്.' 

'അദ്ദേഹം പുറത്തെടുത്ത ബാറ്റിങ് പ്രകടനം എങ്ങനെയാണ് ഞങ്ങള്‍ക്ക് മറക്കാന്‍ സാധിക്കുക. ഒന്നാം ഇന്നിങ്‌സില്‍ 31 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത ആ ബാറ്റിങ് മികവ് നിരവധി കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ടീമിന് ആവശ്യമുള്ള സവിശേഷ സന്ദര്‍ഭത്തില്‍ തന്നെ തന്റെ ബാറ്റിങ് മികവിനെ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.'

'മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തീര്‍ച്ചയായും കിട്ടിയത് എനിക്കാണ്. എങ്കിലും എനിക്ക് തോന്നുന്നത് എനിക്കൊപ്പം തന്നെ അദ്ദേഹവും ഇതിന് അര്‍ഹനാണ് എന്നാണ്'- രോഹിത് വ്യക്തമാക്കി.

പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുന്നു എന്നു പറയുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് രോഹിത് പറഞ്ഞു. ടീമെന്ന നിലയിലുള്ള എല്ലാവരുടേയും ശ്രമമാണ് പരമ്പരയില്‍ മുന്നിലെത്താന്‍ സഹായിച്ചത്. പക്ഷേ ഇവിടെ അവസാനിച്ചിട്ടില്ലെന്നും മാഞ്ചസ്റ്ററില്‍ ഒരു പോരാട്ടം ബാക്കിയുണ്ടെന്നും ടീമിലെ എല്ലാവര്‍ക്കും ഓര്‍മയുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com