അനുമതിയില്ലാതെ പൊതു ചടങ്ങില്‍ പങ്കെടുത്തു; രവി ശാസ്ത്രിയും കോഹ്‌ലിയും വിശദീകരണം നല്‍കണം; കടുപ്പിച്ച് ബിസിസിഐ

അനുമതിയില്ലാതെ പൊതു ചടങ്ങില്‍ പങ്കെടുത്തു; രവി ശാസ്ത്രിയും കോഹ്‌ലിയും വിശദീകരണം നല്‍കണം; കടുപ്പിച്ച് ബിസിസിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് ഇരുവരും പൊതു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള വിശദീകരണം വാങ്ങാനുള്ള ആലോചനയിലാണ് ബിസിസിഐ. ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. 

ശാസ്ത്രിയും കോഹ് ലിയും പങ്കെടുത്ത പൊതു ചടങ്ങിന്റെ ചിത്രങ്ങള്‍ ബിസിസിഐയ്ക്ക് കിട്ടിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ബോര്‍ഡ് അന്വേഷിക്കും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മാനേജരായ ഗിരിഷ് ഡോംഗ്രയുടെ റോള്‍ എന്തായിരുന്നു എന്ന കാര്യവും ബിസിസിഐ പരിശോധിക്കുന്നുണ്ട്- ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യുകെയില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. നിര്‍ബന്ധമായ ബയോ ബബിള്‍ സംവിധാനങ്ങളും താരങ്ങള്‍ക്ക് വേണ്ടിയിരുന്നില്ല. പക്ഷേ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പൊതു പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം ബിസിസിഐ നല്‍കിയിരുന്നു. 

ശാസ്ത്രിയും കോഹ്‌ലിയും പങ്കെടുത്ത ചടങ്ങ് ഔദ്യോഗിക ചടങ്ങല്ല. അതിനാല്‍ തന്നെ ഇരുവരുടേയും പ്രവൃത്തി ബിസിസിഐ തീരുമാനങ്ങളെ മറികടന്നുള്ളതാണ്. 

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീദ്ധര്‍, ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ടീമില്‍ ആശങ്ക പരത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com