ടെസ്റ്റ് ഉപേക്ഷിച്ചു, 2-2ന് സമനിലയിലെന്ന് ഇംഗ്ലണ്ട്, പിന്നാലെ തിരുത്ത്; മാഞ്ചസ്റ്ററില്‍ സംഭവിച്ചത് 

കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളും വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത് നാടകീയ സംഭവങ്ങള്‍. ഇന്ത്യ ടെസ്റ്റില്‍ നിന്ന് പിന്മാറി, ഇതോടെ ഇംഗ്ലണ്ടിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വിജയിയായി പ്രഖ്യാപിക്കുന്നു എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ അവര്‍ പ്രസ്താവന തിരുത്തി. 

പരമ്പര 2-2ന് സമനിലയിലായെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രസ്താവന തിരുത്തി. ഇന്ത്യക്ക് ടീമിനെ ഫീല്‍ഡില്‍ ഇറക്കാന്‍ സാധിക്കാത്തതാണ് കാരണം എന്നാണ് തിരുത്തിയ പ്രസ്താവനയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. 

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത് ഇന്ത്യക്ക് ടെസ്റ്റിനായി ടീമിനെ ഗ്രൗണ്ടിലിറക്കാന്‍ കഴിയാതെ വന്നതോടെ. മത്സരവുമായി മുന്‍പോട്ട് പോവാന്‍ വഴി തേടി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ സംഘത്തിലെ കോവിഡ് വ്യാപനം കാരണം മത്സരം ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്കാണ് എത്തിയത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. 

ഈ ടെസ്റ്റ് മറ്റൊരു സമയം നടത്താം എന്ന നിര്‍ദേശം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പില്‍ വെച്ചതായും ജയ് ഷായുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പില്‍ നില്‍ക്കുകയാണ് ഇന്ത്യ. ഇന്ത്യയെ പരമ്പരയിലെ വിജയിയായി ഇപ്പോള്‍ പ്രഖ്യാപിച്ചേക്കില്ല. അടുത്ത വര്‍ഷം ജൂലൈയില്‍ ഈ ടെസ്റ്റ് നടത്തിയേക്കും. അടുത്ത വര്‍ഷം ജൂലൈയില്‍ ആറ് വൈറ്റ് ബോള്‍ മത്സരങ്ങളുടെ പരമ്പരക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നുണ്ട്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കോവിഡ് ചട്ടം അനുസരിച്ച് ടെസ്റ്റ് ഉപേക്ഷിക്കാനാവില്ല. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ആരംഭിക്കുക, ടെസ്റ്റ് ഉപേക്ഷിക്കുക എന്നീ രണ്ട് നിര്‍ദേശങ്ങളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മുന്‍പോട്ട് വെച്ചത്. മറ്റൊരു ദിവസത്തേക്ക് മാറ്റുക എന്നതിന് അനുകൂലമായാണ് ഇന്ത്യന്‍ താരങ്ങളുടേയും അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ ടെസ്റ്റ് നീട്ടി വയ്ക്കുന്നത് ഐപിഎല്ലിനെ ബാധിക്കുമെന്ന് ബിസിസിഐ വിലയിരുത്തി. 

കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളും വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ 96 മണിക്കൂര്‍ ഇന്‍കുമ്പേഷന്‍ പിരീഡ് ഇവിടെ പാലിക്കണം. കളിക്കാരുടെ പരിശോധനാ ഫലം അടുത്ത ടെസ്റ്റില്‍ പോസിറ്റീവാകുകയും 10 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടി വരികയും ചെയ്താല്‍ അത് ഐപിഎല്ലിനെ ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com