ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ഭീതി; ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

ഇന്ത്യന്‍ ക്യാംപില്‍ നിന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം എന്നതിനാല്‍ ഇന്ത്യ പിന്മാറുകയായിരുന്നു
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മാഞ്ചസ്റ്റര്‍: കോവിഡ് ഭീതി കടുത്തതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു. ഇന്ത്യന്‍ ക്യാംപില്‍ നിന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം എന്നതിനാല്‍ ഇന്ത്യ പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ പിന്മാറിയതിനാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്. ഇതോടെ പരമ്പര 2-2ന് സമനിലയിലാവും. ഒരു കോവിഡ് കേസ് കൂടി വ്യാഴാഴ്ച ഇന്ത്യന്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‌ പിന്നാലെ കോവിഡ് ഭീതി കനത്തതോടെ ടെസ്റ്റ് ഇന്ന് ആരംഭിക്കേണ്ടെന്ന തീരുമാനമാണ് ആദ്യം വന്നത്. എന്നാല്‍ പിന്നാലെ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു.

അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത് രണ്ട് ദിവസം വൈകിപ്പിക്കണം എന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ ഷെഡ്യൂള്‍ മാറ്റുന്നതിനോട് ബിസിസിഐ അനുകൂലമായല്ല പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഒരു ആര്‍ടിപിസിആര്‍ ടെസ്റ്റിന് കൂടി ഇന്ത്യന്‍ താരങ്ങള്‍ ഇനി വിധേയരാവേണ്ടതുണ്ട്. 

ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയ യോഗേഷ് പാര്‍മറിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രവി ശാസ്ത്രി, ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യോഗേഷ് പാര്‍മറിനും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ വ്യാഴാഴ്ച പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com